ചെങ്ങന്നൂർ: അദ്ധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ഗുരുപരമ്പര സ്മരണാഞ്ജലിയും ഗുരുവന്ദനവും നടന്നു. അദ്ധ്യാപകവൃത്തി ഉപാസനയോടെ നിർവഹിച്ച പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും ശിഷ്യസമ്പത്തുമുള്ള ഏഴ് അദ്ധ്യാപക ശ്രേഷ്ഠരെ ആരതി ഉഴിഞ്ഞ് ഗാന്ധിഭവൻ അങ്കണത്തിൽ സ്വീകരിച്ച് ആദരിച്ചു. പ്രൊഫ.ഗോപാലകൃഷ്ണക്കുറുപ്പ്, പ്രൊഫ.എൻ.ജി മുരളീധരക്കുറുപ്പ്, ഇ.എം ജോയി, ഗീതാജോജി, സരസ്വതിയമ്മ, സൂസമ്മ ബേബി, എം.വി സാറാമ്മ, എ.സി ലീല എന്നീ അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന എൺപത്തിയാറു വയസ്സുള്ള ഇ.എം ജോയിയെ വീട്ടിലെത്തിയാണ് ആദരിച്ചത്.
തങ്ങളുടെ അദ്ധ്യാപക ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങൾ പങ്കുവെച്ച് ആദരവിനർഹരായ അദ്ധ്യാപകർ സംസാരിച്ചു. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ യും ഗാന്ധിഭവൻ വികസന സമിതി ചെയർമാനുമായ എം.ജി മനോജിന്റെ അദ്ധ്യക്ഷതയിൽ ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവും ഗാന്ധിഭവൻ ഉപദേശക സമിതി ചെയർമാനുമായ മുരളീധരൻ തഴക്കര ഗുരുവന്ദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന്ധി ഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, ബാബു കല്ലൂത്തറ, കല്ലാർ മദനൻ, ചന്ദ്രദാസ്, ശ്രീലത മോഹൻ എന്നിവർ പങ്കെടുത്തു.