റാന്നി: മഴ ശക്തി പ്രാപിച്ചതോടെ പുതമണ്‍ താത്കാലിക പാലത്തില്‍ രണ്ടു മാസത്തിനിടെ മൂന്നാം തവണയും വെള്ളം കയറി. ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായതോടെ പാത തത്ക്കാലം അടച്ച് വഴി തിരിച്ചു വിട്ടു അധികൃതര്‍. ബ്ലോക്കുപടി-കോഴഞ്ചേരി റോഡിലെ പുതമണ്‍ താത്കാലിക പാലത്തില്‍ പമ്പയിലെ ജലനിരപ്പുയര്‍ന്നതോടെ വെള്ളം കയറിയാണ് ഗതാഗതം തടസ്സപ്പെട്ടത്. കോഴഞ്ചേരിക്കുള്ള വാഹനങ്ങള്‍ കീക്കൊഴൂരില്‍ നിന്നും പേരൂര്‍ച്ചാല്‍ പാലം വഴി തിരിച്ചു വിട്ടു. ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി. പഴയ പാലത്തിന് ബലക്ഷയം നേരിട്ടതിനാല്‍ പാലം അടച്ചിരിക്കുകയാണ്. അതുവഴി ചെറുവാഹനങ്ങള്‍ക്ക് മാത്രമെ നിലവില്‍ സഞ്ചരിക്കാനാവു. സര്‍വ്വീസ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനാണ് താത്കാലിക പാലം നിര്‍മ്മിച്ചത്. ഇത് പൂര്‍ത്തിയാകാനും ഒരു പാട് ദിവസങ്ങള്‍ എടുത്തിരുന്നു. ഇപ്പോള്‍ പെരുംതോട് നിറഞ്ഞ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇത് ശക്തിയാകുന്നതോടെ സമീപന റോഡിനും ബലക്ഷയം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ അപകടം ഉണ്ടാവുമെന്നു കണ്ടാണ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നത്.
റാന്നി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണം മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്. പുതിയ പാലം നിര്‍മ്മിക്കാനെടുക്കുന്ന കാലതാമസം ജനങ്ങള്‍ക്ക് വരുത്തുന്ന ദുരിതം ചെറുതല്ല. ജനപ്രതിനിധികളുടെ ശക്തമായ ഇടപടലാണ് ഇപ്പോള്‍ ആവശ്യം.