കൊച്ചി : കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഇടപെടലിന് തെളിവായി ജയിലില്‍ നിന്ന് കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്.
കൊയിലാണ്ടി അഷ്‌റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി സുനി പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇനി അതിന്റെ പുറകേ നടക്കേണ്ടതില്ല. പിന്നാലെ വന്നാലും വേറെയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് കൊടി സുനി ഭീഷണി മുഴക്കുന്നു.
‘ഞാനാ സുനിയാണേ, കൊടിയാ. കൊയിലാണ്ടിയിലെ അഷ്‌റഫിന്റെ കയ്യിലുള്ള സാധനമുണ്ടല്ലോ. അത് നമ്മുടെയൊരു കമ്പിനിയാ കൊണ്ടുപോയേ. ഇനി അതിന്റെ പുറകെ നടക്കണ്ട. കൊണ്ടുവന്ന ചെക്കന് അതൊന്നും അറിയില്ല. തല്‍ക്കാലം ഇപ്പോള്‍ വേറെയാരോടും പറയാന്‍ നില്‍ക്കണ്ട. തപ്പുന്നുണ്ട്. പക്ഷെ നമ്മുടെ കമ്പിനിയാണ്. അതുകൊണ്ട് വെറെയൊന്നും ചെയ്യാന്‍ പറ്റത്തില്ല. കേട്ടോ.. ഓക്കെ.. അതുകൊണ്ട് ഇനിയതിന്റെ പുറകെ പോകാന്‍ നില്‍ക്കണ്ട. അറിയുന്ന ആളുകളോട് പറഞ്ഞു കൊടുത്തേക്ക് കാര്യങ്ങള്.’ കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്‌റഫിന് നല്‍കിയ ഈ ശബ്ദസന്ദേശമാണ് പുറത്തെത്തിയത്.
സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് കൊടി സുനിയുടെ നിര്‍ദേശമെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അഷ്‌റഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ് പ്രതി മോനായി ആണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊടി സുനി നേരത്തെ തന്നെ സഹായിച്ചിരുന്നെന്ന് മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു.