തിരുവനന്തപുരം : ആശാവർക്കർമാരുടെ സമരത്തെക്കുറിച്ച് സിപിഎം കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരെ ഉപദ്രവിക്കാനും വിരട്ടാനുമാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നത്. സമരം ചെയ്യുന്നവരെ ഒഴിവാക്കി പുതിയ ആളുകളെ ആശപ്രവര്‍ത്തകരായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപി അംഗങ്ങള്‍ ചെറുക്കുമെന്ന് മുരളീധരന്‍ ഉറപ്പ് നല്‍കി. സമരം നടത്തുന്നത് ഈര്‍ക്കില്‍ പാര്‍ട്ടിയാണെങ്കില്‍ കരീമിന് എന്തിനാണ് ഇത്ര വേവലാതി എന്ന് വി മുരളീധരൻ ചോദിച്ചു. രാജ്യത്ത് സിപിഎമ്മും ഈര്‍ക്കില്‍ പാര്‍ട്ടിയാണ്. കോടീശ്വരനായ കരീമിന് അര്‍ധപട്ടിണിക്കാരായ മനുഷ്യരോട് പുച്ഛം തോന്നുക സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ 468 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് എളമരം കരീം പറയുന്നത് പച്ചക്കള്ളമാണ്. നൂറു കോടിയെന്നാണ് വീണ ജോര്‍ജ് പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചക്ക് കേന്ദ്രത്തെ കുറ്റം പറയാന്‍ ഏത് വ്യാജകണക്കും ഉണ്ടാക്കുമെന്നതിന്‍റെ ഉദാഹരണമാണിത്. തൊഴില്‍ നിയമത്തിൽ മാറ്റം വരുത്തി ആശമാരെ തൊഴിലാളി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിനും സാധിക്കുമെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.