ലക്നൗ : ലഖിംപുർ കേസിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി സംശയം. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ യുപി പോലീസ് ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
ഇന്ത്യ-നേപ്പാൾ അതിർത്തിക്കരികിലാണ് ആശിഷ് മിശ്ര ഉണ്ടായിരുന്നതെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരമെന്ന് റിപ്പോർട്ട് ചെയ്തു. ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന സൂചനയാണ് ഇത് നൽകുന്നതെന്നും റിപ്പോർട്ട് പറയുന്നു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി. വൻ പോലീസ് സന്നാഹമാണ് ആശിഷ് മിശ്രയ്ക്കായി തെരച്ചിൽ നടത്തുന്നതിനായി രംഗത്തുള്ളത്. ആശിഷ് മിശ്രയുടെ വസതിക്ക് മുന്നിൽ നേരത്തെ യുപി പോലീസ് നോട്ടീസ് പതിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്തു എന്നുതുടങ്ങിയ വിവരങ്ങൾ സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ പോലീസ് നടപടികൾ കർക്കശമാക്കിയതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നൽകിയത്. സംഭവത്തിൽ ആശിഷിൻറെ പങ്ക് സംബന്ധിച്ച് സ്ഥിരീകരണം വരുകയാണെങ്കിൽ ഇത് കേന്ദ്രസർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും. ഇപ്പോൾതന്നെ അജയ് മിശ്രയെ പുറത്താക്കുന്നതിന് സർക്കാരിനുമേൽ സമ്മർദ്ദമേറുന്നുണ്ട്. കേന്ദ്ര സർക്കരിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരുവിധ പ്രതികരണവും സംഭവത്തിൽ ഉണ്ടായിട്ടുമില്ല.
ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. സമരക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയതിനെത്തുടർന്ന് രണ്ടുപേർ സ്ഥലത്തുവെച്ചും രണ്ടുപേർ പിന്നീടും മരിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് കർഷകർ ആരോപിച്ചിരുന്നു. തുടർന്ന് യുപി പോലീസ് ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.