ഓമല്ലൂർ : ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിൽ അഷ്ടബന്ധകലശം ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ എട്ടുവരെ നടക്കും. 12 വർഷത്തിലൊരിക്കൽ ക്ഷേത്രത്തിൽ നടക്കുന്ന താന്ത്രിക ക്രിയകളിലൊന്നാണ് അഷ്ടബന്ധകലശം. ക്ഷേത്ര സന്നിധിയിലെ മൂലപ്രകൃതി രൂപമായ പീഠവും വിരാട് പുരുഷ രൂപമായ ബിംബവും ഒന്നിച്ച് ചേർക്കുന്ന ചടങ്ങാണിത്. തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ഒന്നാംദിവസമായ ഇന്ന് അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മൃത്യുഞ്ജയഹോമം വൈകിട്ട് 5.30 മുതൽ ആചാര്യവരണം, പ്രാസാദ – ശുദ്ധിക്രിയകൾ. ബുധനാഴ്ച രാവിലെ 5.30 മുതൽ ഉഷഃപൂജ, പ്രോക്തഹോമം, കലശാഭിഷേകം വൈകീട്ട് 5.30 മുതൽ മുള പൂജ, കുണ്ഡശുദ്ധി, ഭഗവതിസേവ, അത്താഴപൂജ.
വ്യാഴാഴ്ച രാവിലെ 5.30 മുതൽ ഉഷഃപൂജ, അദ്ഭുത ശാന്തിഹോമം, വൈകീട്ട് 5.30-ന് ദീപാരാധന, സ്ഥലശുദ്ധി പദ്‌മോലേഖനം.വെളളിയാഴ്ച പുലർച്ചെ ഉഷപൂജയ്ക്ക് ശേഷം മുളപൂജ,ശാന്തിഹോമം,വൈകിട്ട് 5.30-ന് ദീപാരാധനയക്ക് ശേഷം കുണ്ഡശുദ്ധി, സ്ഥലശുദ്ധി, പദ്‌മോലേഖനം. ശനിയാഴ്ച പുലർച്ചെ ഉഷപൂജയ്ക്ക് ശേഷം തത്ത്വഹോമത്തിങ്കൽ അഗ്നിജനനം, തത്ത്വകലശപൂജ, തത്ത്വഹോമം, തത്ത്വകലശാഭിഷേകം, കുംഭേശകർക്കരി കലശപൂജ, ബ്രഹ്മകലശപൂജ, വൈകിട്ട് 5.30 മുതൽ പരികലശപൂജ, അധിവാസഹോമം, കലശാധിവാസം. ഞായറാഴ്ച പുലർച്ചെ 5.30-ന് ദേവങ്കലും കലശമണ്ഡപത്തിലും ഉഷപൂജ, 10 മണിയോടനുബന്ധിച്ച് മരപ്പാണി ബ്രഹ്മകലശവും അഷ്ടബന്ധവും അകത്തേക്ക്എഴുന്നള്ളിക്കൽ, അഷ്ടബന്ധസ്ഥാപനം, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, കുംഭേശകലശാഭിഷേകം,അവസ്രാവ പ്രോഷണം,ശ്രീഭൂതബലി.വൈകീട്ട് അഞ്ച് മുതൽ ശ്രീരക്തകണ്ഠ നാരായണസമിതി അവതരിപ്പിക്കുന്ന നാരായണീയം,ആറിന് കുട്ടികളുടെ ഭജന, രാത്രി എട്ടുമുതൽ പത്തനംതിട്ട ശ്രീരാഗം കലാമന്ദിർ അവതരിപ്പിക്കുന്ന തിരുവാതിര കളി. എല്ലാ ദിവസവും രാത്രി എട്ടുമുതൽ ക്ഷേത്രസന്നിധിയിൽ ഭജന.ഭക്തജനങ്ങൾക്ക് വഴിപാടുകൾ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഉപദേശകസമിതി പ്രസിഡന്റ് എൻ.അനിൽ ഞാട്ടന്നൂർ, സെക്രട്ടറി അഭിലാഷ് ആർ.രാമവിലാസം എന്നിവർ അറിയിച്ചു.