ആറന്മുള : പ്രസിദ്ധമായ അഷ്‌ടമി രോഹിണി സമൂഹസദ്യയ്‌ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിലേക്ക് ആവശ്യമായ പാള തൈരുമായി ചേനപ്പാടി സംഘം 25ന് ക്ഷേത്രത്തില്‍ എത്തും. 600 പേരടങ്ങുന്ന സംഘമാണ് ഇക്കുറി ചേനപ്പാടിയില്‍ നിന്നുള്ള ഘോഷയാത്രയില്‍ ആറന്മുളയില്‍ എത്തുന്നത്. 26 ന് നടക്കുന്ന അഷ്‌ടമിരോഹിണി വള്ളസദ്യയില്‍ അരലക്ഷത്തിലധികം ഭക്‌തരെ
പ്രതീക്ഷിക്കുന്നതായും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും പ്രസിഡന്റ് കെ.വി സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും പറഞ്ഞു.
സദ്യക്ക് ആവശ്യമായ ഇല, അരി, പലവ്യഞ്‌ജനം, വെളിച്ചെണ്ണ, പച്ചക്കറി, പാല്‍പ്പായസം എന്നിവ വഴിപാടായി സമര്‍പ്പിക്കുന്നതിന് അവസരമുണ്ട്. 1000, 2000, 5000, 10,000, സദ്യ വഴിപാട് പാസുകള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രത്യേക കൗണ്ടറിലും പാഞ്ചജന്യം ഓഫീസിലും ലഭിക്കുമെന്ന് കണ്‍വീനര്‍ സുരേഷ് കുമാര്‍ പുതുക്കുളങ്ങര പറഞ്ഞു. 52 കരകളില്‍ നിന്നുള്ള വിഭവസമാഹരണം 23ന് നടക്കും. ആറന്മുള, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, കോയിപ്രം പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന നാടന്‍ പച്ചക്കറികള്‍ ആണ് സദ്യക്ക് ഉപയോഗിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പള്ളിയോട സേവാ സംഘവും സംയുക്തമായിനടത്തിവരുന്ന ദേവസങ്കീര്‍ത്തനം സോപാനം ഫൈനല്‍ മത്സരം 23 ന് നടക്കും. വ്യവസായി മഠത്തില്‍ രഘു സംഭാവന ചെയ്‌ത 52 പവന്‍ തൂക്കം വരുന്ന എവര്‍റോളിങ് സുവര്‍ണ ട്രോഫിയും 25000 രൂപയുമാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. ഒരു ദിവസം രണ്ടു പള്ളിയോട കരകള്‍ വീതം വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.