കൊച്ചി : നാട്ടിലേക്ക് മടങ്ങുന്നതിന് അനുമതി നല്‍കാത്തതുമൂലം യുവാവ് ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മണിയൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് മണിയൂര്‍ പഞ്ചായത്തിലെ ടി ബിനീഷ് ആണ് ചെന്നൈയില്‍ ആത്മഹത്യ ചെയ്തത്. ബിനീഷിന്റെ യാത്രയ്ക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ചതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിദേശത്തുനിന്നും മറ്റ് ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്ന 1019 പേര്‍ നിലവില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ കൊറോണ കെയര്‍ സെന്ററുകളിലും ഹോം ക്വാറന്റൈനുകളിലുമായി കഴിയുന്നുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ വരുന്ന അപേക്ഷകള്‍ ദിവസേന പരിശോധിച്ച് ബന്ധപ്പെട്ട ആര്‍ആര്‍ടികള്‍ക്ക് കൈമാറുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ബിനീഷിന്റെ അപേക്ഷയും ഇതുപോലെ പരിഗണിക്കുകയും ഹോം ക്വാറന്റൈന്‍ സൗകര്യമുണ്ടെന്ന വിവരം കളക്ടറെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനീഷിന് ജൂണ്‍ 3ന് വാളയാര്‍ ചെക്ക് പോസ്റ്റ് കടക്കുന്നതിനുള്ള പാസ് മെയ് 30ന് അനുവദിക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ പഞ്ചായത്ത് അനുമതി നല്‍കിയില്ലെന്ന ഏഷ്യാനെറ്റ് വാര്‍ത്ത വ്യാജമാണ്. ശരിയായ വാര്‍ത്ത ഇവര്‍ സംപ്രേക്ഷണം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.