തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂർ കേന്ദ്ര സർക്കാർ വിലക്ക്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് ഏഷ്യാനെറ്റും മീഡിയവണ്ണും ലഭ്യമല്ലാതായത്. മാർച്ച് 6 രാത്രി 7.30 മുതൽ മാർച്ച് 8 രാത്രിവരെ ചാനലുകൾ ലഭ്യമാകില്ല. രാജ്യത്തെ ഞെട്ടിച്ച ഡൽഹി സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്‌തതിൽ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയമാണ് രണ്ട് ചാനലുകൾക്കും വിലക്കേർപ്പെടുത്തിയത്.
ചാനലിന്റെ വിലക്കിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആണോ എന്ന കാര്യത്തിൽ സംശയം ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിലക്കിനെക്കുറിച്ച് വിശദീകരിക്കാനോ വിവരങ്ങൾ വെളിപ്പെടുത്താനോ ചാനൽ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.