തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ടി. ആസിഫ് അലി. വിഷയത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്ന് ആസിഫ് അലി പറഞ്ഞു. കേരള പോലീസ് ഉത്തര്‍ പ്രദേശിലെ യോഗിയുടെ പോലീസിനോട് മത്സരിക്കുകയാണ്.
കേസില്‍ പ്രതിസ്ഥാനത്തുള്ള മാധ്യമപ്രവര്‍ത്തകന്‍ പി.ജി സുരേഷ് കുമാര്‍ ചെയ്ത തെറ്റ് എന്താണെന്നും ആസിഫ് അലി ചോദിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് ഒരു തവണ വായിച്ച് നോക്കിയ സാമാന്യ ബുദ്ധിയുള്ള പോലീസുകാരന്‍ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് . പ്രസ് ക്ലബില്‍ നടന്നതെന്താണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 16ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുള്ള ടി.പി. സെന്‍കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റര്‍ പി.ജി. സുരേഷ്കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പപോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.