മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അസിൻ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന്, അസിൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. താരത്തിന്റെ വിവാഹമോചന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു. ഭർത്താവ് രാഹുൽ ശർമയുമായുള്ള ചിത്രങ്ങൾ അസിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അസിൻ. പുറത്ത് പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അസിൻ പറയുന്നു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് അസിൻ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഭർത്താവ് രാഹുലിനും മകൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരം.
അസിന്റെ വാക്കുകൾ ഇങ്ങനെ; ‘ഞങ്ങൾ വേനലവധി ആസ്വദിക്കുകയാണ്. മുഖത്തോട് മുഖം നോക്കി പ്രഭാത ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് തികച്ചും തെറ്റായതും തീർത്തും അടിസ്ഥാനരഹിതമായ ചില വാർത്തകൾ കാണാൻ ഇടയായത്. ഈ സമയത്ത് ഞാൻ ഓർക്കുന്നത് വിവാഹം ഉറപ്പിച്ച സമയത്ത് പുറത്തു വന്ന ഒരു വാർത്തയാണ്. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഒന്നിച്ച് വിവാഹ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഞങ്ങൾ ബ്രേക്കപ്പായെന്ന് വാർത്തകൾ വന്നിരുന്നു. ദയവായി അൽപം കൂടി പക്വതയോടെ കാര്യങ്ങളെ എടുക്കൂ. മനോഹരമായ അവധികാലത്തിന്റെ അഞ്ച് മിനിറ്റാണ് നഷ്ടപ്പെട്ടത്. അതിൽ എനിക്ക് നിരാശയുണ്ട്. എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു.’