കോഴിക്കോട് : റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരവും കോഴിക്കോട് കക്കട്ടില്‍ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയുടെ ആത്മഹത്യയില്‍ കോച്ച് രവി സിങ്ങിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. ലിതാരയോട് ഒറ്റയ്ക്ക് കോര്‍ട്ടില്‍ പരിശീലനത്തിന് എത്താന്‍ കോച്ച് രവി സിങ് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. കൊല്‍ത്തയില്‍ നടന്ന മത്സരത്തിനിടെ കൈയില്‍ കയറി പിടിച്ചതോടെ ലിതാര ഇയാളെ മര്‍ദിച്ചു. കൃത്യമായി പരിശീലനം തുടര്‍ന്നിരുന്ന ലിതാര കോര്‍ട്ടില്‍ പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് രവിസിങ് അടുത്തിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി. തിങ്കളാഴ്ചയാണ് ലിതാര ഈ കാര്യം അറിയുന്നത്. ഇതിനുശേഷം കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ലിതാര ബെംഗളൂരുവിലെ സുഹൃത്തിനോട് പറഞ്ഞിരുന്നു.
ഈ കാര്യങ്ങള്‍ വീട്ടില്‍ പറയരുതെന്നും ആവശ്യപ്പെട്ടു. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ലിതാര ജാലി കിട്ടിയ ശേഷം വീട് പുതുക്കി പണിയാന്‍ വായ്പ എടുത്തിരുന്നു. അഞ്ച് വര്‍ഷം റെയില്‍വേയ്ക്ക് വേണ്ടി കളിക്കണമെന്നാണ് കരാര്‍ എന്നതിനാല്‍ കോച്ചിന്റെ പരാതിയാല്‍ ജോലി നഷ്ടപ്പെടുമോ എന്നും ലിതാര ഭയന്നിരുന്നു. ഇതെല്ലാം ആത്മഹത്യയ്ക്ക് കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ കോച്ച് രവി സിങിനെതിരെ ബന്ധുക്കള്‍ പട്‌ന രാജീവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, ലിതാരയുടെ പോസ്റ്റ്‌മോര്‍ട്ടം തിടുക്കത്തില്‍ നടത്തിയത് സംബന്ധിച്ചും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്.
വീട്ടുകാര്‍ എത്തിയിട്ടേ പോസ്റ്റ്‌മോര്‍ട്ടം നടത്താവൂ എന്ന് ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തും മുമ്പേ ആശുപത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇക്കാര്യത്തില്‍ പോലീസില്‍നിന്ന് സമ്മര്‍ദമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയ മറുപടി. ചൊവ്വാഴ്ച രാവിലെയാണ് ലിതാരയെ പട്‌നയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തിന് ശേഷം പോലീസോ റെയില്‍വേ അധികൃതരോ ഒരുവിവരവും അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണം സംഭവിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിലെ പട്‌നയില്‍ റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്.
അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി. ഇതിനുശേഷം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന ലിതാര കൗണ്‍സിലിങിന് വിധേയയാവുകയും ചെയ്തിരുന്നു. പഴയ കോച്ചുമായുളള ബന്ധത്തിന്റെ പേരില്‍ ലിതാരയെ പുതിയ കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കോച്ച് ശല്യം ചെയ്യുന്ന കാര്യം ലിതാര വീട്ടുകാരോട് സൂചിപ്പിച്ചിരുന്നു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ സംശയമുള്ളതിനാല്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കെ.മുരളീധരന്‍ എം.പി.യ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.