ദില്ലി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ പോര് മുറുകുന്നു. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പോരുവിളി. ബൊഫോഴ്സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുള്ള പണം നിങ്ങള്‍ എവിടെ ഒളിപ്പിച്ചുവെന്ന് വ്യക്തമാക്കാന്‍ രാഹുലിനോട് ഹിമന്ത ബിശ്വ ശര്‍മ്മ ആവശ്യപ്പെട്ടു. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്തയെ പരാമര്‍ശിച്ചു കൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ഹിമന്തയുടെ പ്രതികരണം.
ഇക്കാര്യം ഇതുവരെ ചോദിക്കാതിരുന്നത് മാന്യതകൊണ്ടാണ്. ബാക്കി കോടതിയില്‍ കാണാമെന്നും ഹിമന്ത ട്വിറ്ററില്‍ കുറിച്ചു. അദാനി വിഷയത്തില്‍ ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, ഹിമന്ത ബിശ്വ ശര്‍മ്മ, അനില്‍ ആന്റണി എന്നിവരെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി എത്തിയിരുന്നു. അദാനിയുടെ കമ്പനികളില്‍ ആര്‍ക്കാണ് 20,000 കോടിയുടെ ബിനാമി പണം ഉള്ളതെന്നും രാഹുല്‍ ചോദിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ ആന്റണി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി സംസാരിക്കേണ്ടത് ദേശീയ നേതാവിനെപ്പോലെയാണെന്നും എന്നാല്‍ അദ്ദേഹം പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെയാണെന്നും അനില്‍ ആന്റണി പറഞ്ഞു.