കാസിരംഗ ദേശീയോദ്യാനം…ഇന്ത്യയിലെ ഏറ്റവും കൗതുകം നിറഞ്ഞ, അപൂർവ്വങ്ങളായ ജീവികളുടെ ആവാസ കേന്ദ്രം. യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയ കാസിരംഗ ഓരോ സാഹസിക സഞ്ചാരിയുടെയും പ്രകൃതി സ്നേഹികളുടെയും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ, കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും ഒക്ടോബർ 15 ഞായറാഴ്ച മുതൽ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ്. മണ്‍സൂൺ സീസണിലെ സ്ഥിരം അടച്ചിടലിനു ശേഷമാണ് 2023-24 സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി ദേശീയോദ്യാനം സഞ്ചാരികൾക്കായി തുറന്നത്. ഇതോടെ അസമും കാസിരംഗ ദേശീയോദ്യാനവും വീണ്ടും യാത്രികരുടെ പട്ടികയിൽ ഇടം തേടും.
വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട, ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന ഇടമാണ്. എല്ലാ വർഷവും മെയ് മുതൽ ഒക്ടോബർ വരെ കാസിരംഗ ദേശയോദ്യാനം അടച്ചിടാറുണ്ട്. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിനെതിരായ മുൻകരുതൽ എന്ന നിലയിലാണിത്. ഇപ്പോള്‍ ഭാഗികമായി മാത്രമാണ് കാസിരംഗ ദേശീയോദ്യാനത്തിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. റോഡുകളുടെ അവസ്ഥയും മുന്നറിയിപ്പില്ലാതെ വരുന്ന കാലാവസ്ഥാ മാറ്റവും കണക്കിലെടുത്താണിത്. കൊഹോറയിലെ കാസിരംഗ റേഞ്ച്, ബാഗോരിയിലെ വെസ്റ്റേൺ റേഞ്ച് എന്നിവിടങ്ങളിലായിരിക്കും ഇപ്പോൾ പ്രവേശനം അനുവദിക്കുക. ജീപ്പ് സഫാരികളും ഈ രണ്ടു റേഞ്ചുകളിലും മാത്രമാകും ലഭിക്കുക. ജീപ്പ് സഫാരിയുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്.
നിലവിലെ സാഹചര്യത്തിൽ ബഗോറിയുടെ പടിഞ്ഞാറൻ റേഞ്ചിനുള്ളിലെ ഡോംഗ ടവർ വഴിയും മിഹിമുഖിൽ നിന്ന് ദഫ്‌ലാംഗ് ടവർ വഴിയും കൊഹോറയിലെ കാസിരംഗ റേഞ്ചിനുള്ളിലെ വൈച്ചാമാരി ജംഗ്ഷൻ വഴിയും എത്തിച്ചേരാവുന്ന ബിമോലി ടിനിയാലി വരെയും ആണ് പര്യവേക്ഷണം ചെയ്യാൻ സഞ്ചാരികൾക്ക് അനുമതിയുള്ളത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇതേ രീതിയിൽ തന്നെയാവും മുന്നോട്ടും എന്നാണ് റിപ്പോർട്ട്. എല്ലാ ബുധനാഴ്ചകളിലും ഉച്ച കഴിഞ്ഞ് ദേശീയോദ്യാനം ഉച്ചകഴിഞ്ഞ് അടച്ചിടും എന്ന കാര്യം ഇവിടേക്ക് സന്ദർശനം പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. കിഴക്കൻ അസം വൈൽഡ് ലൈഫ് ഡിവിഷനു കീഴിലാണ് കാസിരംഗ ദേശീയോദ്യാനവും കടുവാ സങ്കേതവും വരുന്നത്.
കാസിരംഗ ദേശീയോദ്യാനം
അസമിലെ ഗോലാഘട്ട്, നാഗോൺ, സോനിത്പൂർ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കാസിരംഗ ദേശീയോദ്യാനം പ്രസിദ്ധമാകുന്നത് അതിന്റെ ജൈവവൈവിധ്യത്തിന്‍റെ പേരിലാണ്. ലോകത്തിലെ ആകെ കാണ്ടാമൃഗങ്ങളുടെ മൂന്നിവ്‍ രണ്ടു ഭാഗവും ഇവിടെ കാസിരംഗയിൽ വസിക്കുന്നു. ചെളിയിൽ മുങ്ങി വസിക്കുന്ന പ്രത്യേകതരം മാനുകൾ, ഗംഗാ ഡോൾഫിൻ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന പ്രത്യേകതരം കുരങ്ങ്, തൊപ്പിക്കാരൻ ലംഗൂർ എന്നിങ്ങനെ പല ജീവികളെയും ഇവിടെ കാണാം. കടുവകൾ, ആനകൾ തുടങ്ങിയവും ഇവിടെ വസിക്കുന്നു. ചതുപ്പുനിലങ്ങളും പുൽമേടുകളും കാടും ജലാശയങ്ങളും എല്ലാം ചേർന്ന ഇവിടം ഒരിക്കലെങ്കിലും സന്ദർശിക്കുക എന്ന ആഗ്രഹമില്ലാത്ത സഞ്ചാരികൾ ഇല്ലെന്നു തന്നെ പറയാം. ഇവിടുത്തെ ആവാസവ്യവസ്ഥയെ പരിചയപ്പെടുക എന്നിതിനൊപ്പം ഇതിനുള്ളിലൂടെയുള്ള സഫാരിയും ലക്ഷ്യമാക്കിയാണ് ആളുകൾ ഇവിടേക്ക് വരുന്നത്. വന്യജീവി ഫോട്ടോഗ്രഫിക്കും ഇതിലും മികച്ചയൊരിടം നമ്മുടെ രാജ്യത്ത് കണ്ടെത്തുവാനാകില്ല. മെയ് മുതൽ ഒക്ടോബർ വരെ അടച്ചിടുന്നതൊഴികെ മറ്റേതു സമയത്തും ഇവിടെ സന്ദർശനം നടത്താം. നവംബർ മുതൽ ജനുവരി വരെ കാസിരംഗയില് ശൈത്യകാലവും ഫെബ്രുവരി മുതൽ ജൂൺ വരെ വേനൽക്കാലവും ജൂൺ-ജൂലൈ വരെ മൺസൂൺ കാലവുമാണ്. എന്നാൽ വർഷത്തിലെല്ലായ്പ്പോഴും മിതമായ കാലാവസ്ഥയാണിവിടെ അനുഭവപ്പെടുക. മിഹി മുഖ് ആണ് പാർക്കിന്റെ പ്രവേശന സ്ഥാനം.