വാഷിംഗ്ടണ്‍: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്‌സിങ് നിജ്ജാറിന്‍റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമെന്ന് അമേരിക്ക. വിഷയത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു. യു.എസ് പ്രസിഡന്‍റ് ഉള്‍പ്പെടെ ആരോപണത്തെ ഗൗരവമായാണു കാണുന്നത്.
തികച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടക്കുകയാണ് വേണ്ടത്. സംഭവിച്ച എല്ലാ കാര്യങ്ങളും പുറത്തുവരണം. ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കിര്‍ബി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളും അതീവജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശം നൽകിയിട്ടുണ്ട്. ഈയിടെയായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികൾക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്കെതിരെ നിൽക്കുന്നവർക്ക് നേരെയും കാനഡയിൽ ഭീഷണികളുണ്ടായി.