തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. തുടര്‍ഭരണമെന്ന കൂട്ട സര്‍വേ ഫലങ്ങളുടെ അധിക ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. യു.ഡി.എഫാകട്ടെ തെറ്റിയ സര്‍വേകളുടെ പട്ടികയിലേക്ക് ഇത് തള്ളുന്നു. ലോക്സഭയിലും പാല ഉപതെരഞ്ഞെടുപ്പിലും സര്‍വേകളുടെ നേര് വിപരീതമായിരുന്നു ഫലം. അതിലാണ് ശേഷിക്കുന്ന മണിക്കൂറുകളിലും യു.ഡി.എഫിന്റെ സകല പ്രതീക്ഷയും.
തുടര്‍ഭരണ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞതിനെക്കാള്‍ മികച്ച വിജയമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. വിജയിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നുപോലും അന്തഃപുര സംസാരമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജയിക്കുമെന്നതില്‍ അശേഷമില്ല ആശങ്ക. പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് തള്ളുകയാണ് ചെന്നിത്തല. വോട്ടെണ്ണല്‍ നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എണ്ണല്‍.
ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്നാണ് പൊതുധാരണ. തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. യന്ത്രങ്ങള്‍ 8.30 മുതലും. ഫലസൂചനകള്‍ ഉടന്‍ ലഭിച്ചുതുടങ്ങും. അന്തിമ ഫലം പതിവിലും വൈകുമെന്നാണ് സൂചന. തപാല്‍ വോട്ടുകളുടെ എണ്ണക്കൂടുതലാണ് കാരണം. വോട്ടെണ്ണുന്ന ഹാളുകളുടെയും മേശകളുടെയും എണ്ണം കാര്യമായി കൂട്ടിയിട്ടുണ്ട്. കഴിഞ്ഞതവണ 140 ഹാള്‍ ഉണ്ടായിരുന്നത് 633 ആയി ഉയര്‍ത്തി. ഒരു ഹാളില്‍ 14 ടേബിള്‍ എന്നത് ഏഴാക്കി കുറച്ചു. സാമൂഹിക അകലം ഉറപ്പാക്കാനാണിത്. ഏപ്രില്‍ 28 വരെ 4,54,237 തപാല്‍ ബാലറ്റ് പോള്‍ ചെയ്തിട്ടുണ്ട്. കാല്‍ലക്ഷം ജീവനക്കാരെ എണ്ണലിനായി നിയോഗിച്ചു.
തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന സംവിധാനം ഇക്കുറിയില്ല. കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. ‘വോട്ടര്‍ ഹെല്പ്ലൈന് ആപ്പി’ലൂടെയും ഫലമറിയാം.