തിരുവനന്തപുരം : നിയമസഭാ സമ്മേളനം മാറ്റിവെച്ച മന്ത്രിസഭാ തീരുമാനത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നതുമൂലമാണ് ഇപ്പോള്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും തീവെട്ടിക്കൊള്ളക്കും എതിരായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ മാസത്തില്‍ സഭ കൂടിയേ മതിയാകൂ. അതുകൊണ്ട് സഭയ്ക്ക് അകത്തും പുറത്തും അഴിമതി ഭരണത്തിനെതിരെ പോരാട്ടം തുടരും. മറ്റ് പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും. ജൂലൈ 27ആം തീയതി മാത്രമാണ് സഭ സമ്മേളനം തീരുമാനിച്ചത്. അന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിച്ച് സമ്മേളനം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിലാണ് മുഖ്യമന്ത്രിയും സ്പീക്കറും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ വന്നത്. പ്രതിപക്ഷം നോട്ടീസ് നല്‍കിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്. അവിശ്വാസ പ്രമേയത്തിനും സ്പീക്കറെ മാറ്റാനും നോട്ടീസ് നല്‍കി. എന്നാല്‍ നിയമസഭാ ബുള്ളറ്റിനില്‍ അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കേരളത്തിലെ ജനങ്ങളുടെ വിശ്വാസം സര്‍ക്കാരിന് നഷ്ടപ്പെട്ടു. കള്ളക്കടത്തടക്കമുള്ള കുറ്റങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നേതൃത്വം നല്‍കി. മുഖ്യമന്ത്രി രാജിവെയ്ക്കണം. സിബിഐ അന്വേഷണത്തിന് തയ്യാറാകണം. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നെതര്‍ലന്റ്‌സ് യാത്രയ്ക്ക് സഹായിച്ച കടലാസ് കമ്പനിയെ ഇതിന്റെ കണ്‍സള്‍ട്ടന്‍സിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് തീരുമാനിച്ചു. ഇത് ഗുരുതര അഴിമതിയാണ്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. വിജിലന്‍സ് ഇക്കാര്യം ഗുരുതരമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.