വിഴിഞ്ഞം : വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അച്ഛനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പയറ്റുവിള പുളിയൂര്‍ക്കോണം കുന്നുവിള വീട്ടില്‍ ശ്രീധരന്‍ നാടാരെയാണ് (73), മകള്‍ മിനിമോള്‍ (46) കല്ല് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ചത്. മിനിമോളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അക്രമം നടത്തിയതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.
മിനിമോള്‍ ശ്രീധരനെയും മകന്‍ അനിലിനെയും മരുമകളെയും അവരുടെ കുട്ടികളെയും അസഭ്യം പറയുകയും അനിലിന്റെ കാര്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ മിനിമോള്‍ പിതാവ് ശ്രീധരനെ പിടിച്ചു തള്ളി താഴെയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലെടുത്ത് ശ്രീധരന്‍ നാടാരുടെ തലയ്ക്ക് അടിച്ചു. നേരത്തെ സര്‍ജറി നടത്തി കമ്പി ഇട്ടിരുന്ന കാലിന്റെ ഭാഗത്ത് ചവിട്ടുകയും ചെയ്തതായി പോലീസ് പറഞ്ഞു. ശ്രീധരന്റെ തലയില്‍ 8 തുന്നലുണ്ട്. സഹോദരന് സ്വത്ത് കൂടുതല്‍ കൊടുത്തു എന്ന കാരണത്താല്‍ മിനിമോള്‍ നിരന്തരം ശ്രീധരനുമായി വഴക്ക് ഉണ്ടാക്കുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.