തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായി ഓഡിറ്റോറിയങ്ങള്‍ വിസ്തൃതിക്കനുസരിച്ച് പങ്കാളിത്തം അനുവദിച്ച് ചടങ്ങുകള്‍ക്കായി തുറന്ന് നല്‍കണമെന്ന് ഓഡിറ്റോറിയം ഓണേഴ്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിവാഹം പോലുള്ള ചടങ്ങുകള്‍ വീടുകളില്‍ വെച്ച് നടത്തപ്പെടുമ്പോള്‍ പലപ്പപ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാറില്ല.
സ്ഥല സൗകര്യങ്ങള്‍ കുറവുള്ള വീടുകളിലെ ഇത്തരം ചടങ്ങുകള്‍ കോവിഡ് വ്യാപനത്തിനെ വഴിയൊരുക്കൂ. ഓഡിറ്റോറിയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ സല്‍ക്കാര ചടങ്ങുകള്‍ ഉള്‍പ്പെടെ നടത്താന്‍ അനുവാദം നല്‍കിയാല്‍ ഈ അവസ്ഥക്ക് പരിഹാരമാകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. പൊതുഗതാഗത സംവിധാനങ്ങളിലും മാളുകളിലും സിനിമാ തിയറ്ററുകളിലും പാര്‍ട്ടി പരിപാടികളിലും ഇല്ലാത്ത നിയന്ത്രണമാണ് കല്യാണ മണ്ഡപങ്ങളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തുന്നതെന്ന് പ്രസിഡന്‍റ് ആനന്ദ് കണ്ണശ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ക്കാണ് നിത്യവൃത്തി കഴിയാന്‍ ഗതിയില്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നത്.
ഓഡിറ്റോറിയങ്ങളുമായും അനുബന്ധ വ്യവസായങ്ങളുമായും ബന്ധപ്പെട്ട് നിരവധി ആളുകളാണ് ഉപജീവനം നടത്തുന്നത്. 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഹാളുകളില്‍ 25 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് പരിപാടികള്‍ നടത്താന്‍ അനുവദിച്ചാലും കാര്യങ്ങള്‍ മുന്നോട്ടുപോകും. എന്നാല്‍ അത്തരത്തില്‍ യാതൊരു ഇളവും നല്‍കാതെ ഈ തൊഴില്‍ മേഖലയെ സമ്പൂര്‍ണമായി പൂട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഡിറ്റോറിയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ക്കും മാളുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന കാര്യവും ഓഡിറ്റോറിയം ഓണേഴ്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.