ഡെന്‍മാര്‍ക്ക്: ആസ്ട്രസെനക്ക വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഡെന്‍മാര്‍ക്ക്. ആസ്ട്രസെനക്ക വാക്‌സിനുകളില്‍ പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകുന്നതെന്നാണ് വിശദീകരണം. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തുവന്നത്. അപൂര്‍വ്വവും ഗുരുതരവുമായ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ലോകാരോഗ്യ സംഘടനയുള്‍പ്പടെ അംഗീകാരം നല്‍കിയ ആസ്ട്രസെനക്ക വാക്‌സിന്‍ ഡെന്‍മാര്‍ക്കിന്റെ വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഭാഗമാകില്ലെന്ന് ആരോഗ്യ അതോറിറ്റി ഡയറക്ടര്‍ സോറന്‍ ബ്രോസ്‌ട്രോം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാക്‌സിനെടുത്തവരില്‍ അപൂര്‍വ്വവും ഗുരുതരവുമായ രീതിയില്‍ രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആസ്ട്രസെനക്കയുടെ വാക്‌സിനുകള്‍ക്ക് ഡെന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആസ്ട്രസെനക്കയുടെ വാക്‌സിന് നിരോധനം ഏര്‍പ്പെടുത്തുന്ന യൂറോപ്പിലെ ആദ്യ രാജ്യമാണ് ഡെന്‍മാര്‍ക്ക്.
പന്ത്രണ്ടോളം രാജ്യങ്ങള്‍ നേരത്തെ ഇത്തരമൊരു തീരുമാനം കൈകൊണ്ടിരുന്നെങ്കിലും പലരും വാക്‌സിന്റെ ഉപയോഗം പുനരാരംഭിച്ചിരുന്നു. വിഷയത്തില്‍ ഡെന്‍മാര്‍ക്ക് സ്വയം അന്വേഷണം നടത്തിയതിന് ശേഷമാണ് വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
5.8 ദശലക്ഷം ജനസംഖ്യയുള്ള ഡെന്‍മാര്‍ക്കില്‍ ഇതുവരെ എട്ട് ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച പതിനേഴ് ശതമാനം പേരാണ് ഉള്ളത്.ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വാക്‌സിന്‍ ഡ്രൈവാകും ഇനിമുതല്‍ ഡെന്‍മാര്‍ക്കില്‍ നടക്കുക.