പത്തനംതിട്ട : ജോലിക്കിടെ ലഭിക്കുന്ന പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കി മാതൃകയാവുകയാണ് ഇരവിപേരൂർ പഞ്ചായത്ത് നാലാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ പുലയ്‌ക്കുന്നിൽ അശ്വതിയും എബിയയും. 10 വർഷത്തിലേറെയായി പാഴ്‌വസ്‌തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ നിർമിക്കുകയാണ് ഇരവിപേരൂർ സ്വദേശിയായ അശ്വതി പി മോനി. ഉപയോഗശൂന്യമായ കുപ്പികൾ ഉപയോഗിച്ച് വർണാഭമായ ഉൽപ്പന്നങ്ങൾ ആണ് അശ്വതി നിര്‍മ്മിക്കുന്നത്. ബോട്ടിൽ ആർട്ടിന് നല്ല പ്രചാരമുള്ളതിനാൽ ആളുകൾ ഗിഫ്റ്റായി നൽകാൻ ഇവ തെരഞ്ഞെടുക്കാറുണ്ടെന്ന് അശ്വതി പറയുന്നു.
ഒരു വർഷമായി ഇരവിപേരൂർ പഞ്ചായത്ത് നാലാം വാർഡിലെ ഹരിതകർമ സേനാംഗമായി പ്രവർത്തിക്കുകയാണ് എബിയ മോൾ സണ്ണി. ഹരിത കർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിൽ നിന്ന് പുനചംക്രമണ യോഗ്യമായവ കണ്ടെത്തി അവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുകയാണ് എബിയ. പിസ്താ ഷെൽ, പുനരുപയോഗ യോഗ്യമായ പ്ലാസ്‌റ്റിക്, കുപ്പികൾ, പ്ലാസ്റ്റിക് നെറ്റുകൾ, കവറുകൾ തുടങ്ങിയവ കൊണ്ടാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ചവിട്ടി, ഫ്ലവർവേസ്, ഡ്രീം ക്യാച്ചർ, അലങ്കാര വസ്തുക്കൾ എന്നിവയാണ് സഹോദര ഭാര്യമാരായ ഇരുവരും നിർമിക്കുന്നത്.