തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി ശേഷിക്കുന്നത് 195182 ഡോസ് കൊവിഡ് വാക്‌സീൻ മാത്രം. വിതരണ കേന്ദ്രങ്ങളുടെ എണ്ണം ക്രമീകരിച്ചാണ് ഇപ്പോള്‍ കുത്തിവെയ്പ് നടത്തുന്നത്. മെഗാ വാക്സീനേഷൻ ക്യാമ്പുകളിലും മറ്റ് കുത്തിവയ്പ് കേന്ദ്രങ്ങളിലും വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ അത് എത്രത്തോളം പാലിക്കുന്നുണ്ടെന്നത് ഇന്നാണ് അറിയാൻ കഴിയുക. പൂർണമായും ഓണ്‍ലൈൻ രജിസ്റ്റർ ചെയ്ത എത്തുന്നവർക്കാണ് വാക്‌സിൻ നൽകുക.
രാവിലെ ഒമ്പത് മണി മുതലാണ് വാക്സിനേഷൻ തുടങ്ങിയത്. ഇന്നലെ വന്‍തിരക്ക് അനുഭവപ്പെട്ട തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ പരാതി രഹിത ക്രമീകരണങ്ങളാണ് ഇന്ന് ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ കൊടുത്ത് ശേഷം ക്രമമനുസരിച്ചാണ് വാക്സീന്‍ നല്‍കുന്നത്. വാക്സീന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ കസേരകളും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരക്ക് ക്രമീകരിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രജിസ്റ്റർ ചെയ്ത എല്ലാവരും ഒരുമിച്ച് രാവിലെത്തന്നെ എത്തിയതാണ് തിക്കും തിരക്കിനും കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടതോടെ പുലർച്ചെ മുതൽ ക്യുവിൽ നിന്ന പലരും തളർന്ന് വീഴുന്ന സാഹചര്യവും ഇന്നലെ ഉണ്ടായി. വാക്സിൻ തീർന്ന് പോകുമോ എന്നായിരുന്നു പ്രധാന ആശങ്ക.