ഗാസാസിറ്റി : ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ റംസാൻ മാസം ആരംഭിക്കുമ്പോൾ ഗാസയുടെ തെക്കേ അറ്റത്തെ നഗരമായ റാഫയിൽ കടന്നുകയറുമെന്ന് ഹമാസിന് ഇസ്രയേലിന്റെ ഭീഷണി. റാഫയിൽ യുദ്ധമരുതെന്നും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കണമെന്നും അന്താരാഷ്ട്രതലത്തിൽ സമ്മർദമുയരവേയാണ് യുദ്ധകാര്യമന്ത്രിസഭാംഗമായ ബെന്നി ഗാന്റ്സിന്റെ മുന്നറിയിപ്പുണ്ടായത്. റാഫാ നിവാസികളും അഭയാർഥികളുമുൾപ്പെടെ 13 ലക്ഷത്തോളം പേർ കഴിയുന്ന നഗരമാണ് റാഫ.മാർച്ച് 10-ന് റംസാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്.
മറ്റിടങ്ങളിൽ ഹമാസിന്റെ വേരറുത്തെന്നും ഇനി അവരുടെ ശക്തികേന്ദ്രങ്ങളിൽ റാഫ മാത്രമാണ് ബാക്കിയുള്ളതെന്നും ഇസ്രയേൽ പറയുന്നു. യു.എസുമായും ഈജിപ്തുമായും ഏകോപിപ്പിച്ച് സാധാരണക്കാരുടെ സുരക്ഷ പരമാവധി ഉറപ്പുവരുത്തിയാകും റാഫയിലെ നടപടിയെന്ന് ഗാന്റ്‌സ് വ്യക്തമാക്കി.