കോന്നി : ലോക ഗജദിനാചരണത്തിന്റെ ഭാഗമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ആയിരത്തോളം സ്‌കൂൾ കുട്ടികൾ പങ്കെടുത്ത് ആനയൂട്ട് നടന്നു. രാവിലെ പതിനൊന്ന് മണിയോടെ ആണ് ആനയൂട്ട് നടന്നത്. രാവിലെ കുളിച്ചു കുറിതൊട്ട കൊമ്പന്മാർ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ അണി നിരന്നതോടെ ആനയൂട്ട് ആരംഭിച്ചു. കോന്നി ആനത്താവളത്തിലെ ഏറ്റവും ഇളയ തലമുറക്കാരനായ മൂന്ന് വയസുകാരൻ കൊച്ചയ്യപ്പൻ എന്ന കുട്ടികൊമ്പനും മീന, ഈവ, പ്രീയദർശിനി തുടങ്ങിയ ആനകളും ആനയൂട്ടിൽ അണി നിരന്നു. തണ്ണിമത്തങ്ങ, എത്തപഴം, കണിവെള്ളരി തുടങ്ങിയ പഴ വർഗ്ഗങ്ങളും കരിപോട്ടിയും ചേർത്താണ് കോന്നി ആനത്താവളത്തിലെ ആനകൾക്ക് ആനയൂട്ട് ഒരുക്കിയത്.
ഐരവൺ എം കെ ലതാ മെമ്മോറിയൽ പബ്ലിക് സ്‌കൂൾ, പ്രമാടം നേതാജി സ്‌കൂൾ,വാഴമുട്ടം നാഷണൽ പബ്ലിക്ക് സ്‌കൂൾ, ഇരവിപേരൂർ ഓ ഇ എം പബ്ലിക് സ്‌കൂൾ എന്നിവടങ്ങളിൽ നിന്ന് എത്തിയ ആയിരത്തോളം വിദ്യാത്ഥികൾ അടക്കമുള്ളവർ കോന്നിയിൽ നടന്ന ആനയൂട്ടിൽ പങ്കെടുത്തു. കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ഇൻചാർജ് മനോജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാർ ആർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജിനി, സതീഷ്, എം കെ എൽ എം പബ്ലിക് സ്‌കൂൾ മാനേജർ ആശാ റാം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.