കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് കുളവിയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തെ തുടർന്ന് വനപാലകർ കുളവികൂട് പൂർണ്ണമായി നീക്കി എന്ന് അവകാശപെടുമ്പോഴും കൂട് പൂർണ്ണമായി നീക്കം ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനാൽ തന്നെ ഭീതിയിലാണ് സവാരി കേന്ദ്രത്തിൽ എത്തുന്നവർ. കഴിഞ്ഞ ഒരാഴ്ചക്ക് മുൻപാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തിയ വിനോദ സഞ്ചരികളായ യുവാക്കളെ കുളവികുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിന് അടുത്ത് സ്ഥിതി ചെയ്യുന്ന 220 കെ വി ലൈൻ ടവറിൽ ആണ് കൂട് ഉള്ളത്.
എന്നാൽ മാസങ്ങൾക്കു മുൻപ് ഇത് വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും ഇത് തീർത്തും അവഗണിക്കുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. സഞ്ചരികൾക്ക് കുത്തേറ്റതിന് ശേഷം ഇത് രാത്രിയിൽ കത്തിച്ച് കളയാൻ ശ്രമം നടത്തി. ഇലക്ട്രിസിറ്റി ബോർഡിന്റെ അനുമതി വാങ്ങി ലൈൻ ഓഫ് ചെയ്ത ശേഷമാണ് കൂട് കത്തിച്ചു കളഞ്ഞത്. എന്നാൽ ഈ കൂട് പൂർണ്ണമായി കത്തിച്ച് കളയാൻ അധികൃതർക്ക് കഴിഞ്ഞില്ല. വീണ്ടും കുളവികൂട് തൽസ്ഥാനത്ത് തുടരുകയാണ്. കൂട് പൂർണ്ണമായി കത്തിച്ച് കളഞ്ഞെങ്കിൽ മാത്രമേ അപകട ഭീതി ഒഴിയുകയുള്ളൂ. കൂടിന്റെ ചെറിയ ഒരു ഭാഗം ഇരുന്നാൽ തന്നെ അത് വീണ്ടും വളരുവാനുള്ള സാധ്യത ഏറെയാണെന്ന് പറയപ്പെടുന്നു. കൂട് പൂർണ്ണമായി നീക്കം ചെയ്തില്ല എങ്കിൽ വലിയ അപകടങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.