പത്തനംതിട്ട : ശബരിമല തീർഥാടനം അടുത്തിട്ടും ചെത്തോങ്കര–അത്തിക്കയം ശബരിമല പാത വികസനം പൂർത്തിയാക്കാൻ നടപടിയില്ല. പുനലൂർ–മൂവാറ്റുപുഴ, അത്തിക്കയം പാലം–മഠത്തുംമൂഴി എന്നീ ശബരിമല പാതകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് തിരക്കിട്ടാണ് റോഡിന്റെ നിർമാണോദ്ഘാടനം നടത്തിയത്. കഴിഞ്ഞ ശബരിമല തീർഥാടനത്തിനു ശേഷമാണ് പണി തുടങ്ങിയത്.
9 കിലോമീറ്റർ റോഡ് 6.36 കോടി രൂപ ചെലവഴിച്ചാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നത്. ഏതാനും കലുങ്കുകളുടെ വീതി കൂട്ടിയെങ്കിലും റോഡിന്റെ വീതി വർധിപ്പിച്ചിട്ടില്ല. ലോക്ഡൗണിനു മുൻപ് അത്തിക്കയം പാലത്തിന്റെ പാതി ഭാഗം ഒഴികെ ബിഎം ടാറിങ് നടത്തിയിരുന്നു. പിന്നീട് കാര്യമായ പണികളൊന്നും നടത്തിയിട്ടില്ല. വീതി കൂട്ടുന്നതിന് അടുത്തിടെ 5 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
വളവുകൾ നേരെയാക്കാനും വശങ്ങൾ ഡിആർ കെട്ടി സംരക്ഷിക്കാനുമാണ് തുക അനുവദിച്ചത്. തുടർ നടപടി വൈകുകയാണ്. ബിഎം ടാറിങ് നടത്തിയതിനു ശേഷം റോഡിന്റെ വശങ്ങളിൽ സ്ഥലമില്ല. പലയിടത്തും അരികു വരെയാണ് ടാറിങ് നടത്തിയിരിക്കുന്നത്. സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ വാഹനങ്ങൾ വശത്തേക്ക് ഒതുക്കിയാൽ അപകടത്തിൽപെടുന്ന സ്ഥിതിയാണ്. അഞ്ചുകുഴി, കരികുളം, കരികുളം വനംഭാഗം, കക്കുടുമൺ, കണ്ണമ്പള്ളി, അത്തിക്കയം എന്നിവിടങ്ങളിലാണ് അപകടക്കെണി.