റാന്നി : റോഡ് ഉന്നത നിലവാരത്തിലായതോട പൊറുതിമുട്ടി ഒരു ഗ്രാമം. അത്തിക്കയത്തിനും ചെമ്പനോലിക്കുമിടയില്‍ മടന്തമണ്ണിലെ ജനങ്ങളാണ് മരണം വേട്ടയാടുന്ന ഉള്‍ഭയത്തില്‍ കഴിയുന്നത്. ഒരു മലയുടെ ഇരുവശവും രണ്ടു പാറമട തുടങ്ങിയതോടെ നാട്ടുകാരുടെ ദുരിതം ആരംഭിച്ചു. ഇപ്പോള്‍ ദിവസേന ടിപ്പര്‍ അപകടങ്ങളാണ്. ഒരു വാഹനാപകടമെങ്കിലും നടക്കാത്ത ദിവസമില്ല.
ഇതുവഴി കടന്നു പോകുന്ന കൂത്താട്ടുകുളം – മടന്തമണ്‍ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതാണ് നാട്ടുകാരെ വിഷമത്തിലാക്കിയത്. ചെങ്കുത്തായി കുഴികളും വീതികുറഞ്ഞ പാതയും കൊടും വളവും ഉണ്ടായിരുന്ന റോഡ് അടുത്ത സമയത്താണ് ബിഎം ആന്‍ഡ് ബിസി ടാറിംങ് നടത്തി ഉന്നത നിലവാരത്തിലാക്കിയത്. ഇതോടെ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു. അപകടങ്ങളില്‍ ഏറിയ പങ്കും സാരമായ പരുക്കുകളോടെ ആള്‍ക്കാര്‍ രക്ഷപെട്ടെങ്കിലും വാഹനത്തിന് അടിയില്‍പ്പെട്ടുള്ള മരണവും സംഭവിച്ചിട്ടുണ്ട്. ദൂര ദേശങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നതില്‍ കൂടുതലും. പുത്തന്‍പുരയില്‍ രാജന്റെ വസ്തുവിലേക്കാണ് ലോറികള്‍ ഏറെയും മറിഞ്ഞിരിക്കുന്നത്. അപകടം ഒഴിവാക്കാന്‍ സ്ഥാപിച്ച ക്രാഷ് ബാരിയറും തകര്‍ത്താണ് പാറക്കല്ലുമായെത്തിയ ടിപ്പര്‍ ലോറികള്‍ ഇവിടെ മറിഞ്ഞിരിക്കുന്നത്.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചാപ്പലിന് സമീപത്തെ വളവാണ് അപകട കേന്ദ്രം. ഇതു നിവര്‍ത്തിയാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ വളവു നിവര്‍ക്കുന്നത് അപ്രായോഗികമാണെന്നും ചെമ്പനോലി ഇറക്കത്തില്‍ നിന്നും ആരംഭിച്ച് കാലായില്‍ പടിയിലെത്തുന്ന കോണ്‍ക്രീറ്റ് റോഡ് വീതി കൂട്ടി നിര്‍മ്മിച്ച് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ ഇതുവഴി വിട്ടാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമെന്നും പൊതുപ്രവര്‍ത്തകനായ അനില്‍ അത്തിക്കയം പറഞ്ഞു. കടുമീന്‍ചിറ ഹയര്‍ സെക്കൻഡറി സ്കൂളിലേയ്ക്കും സമീപത്തെ അംഗന്‍വാടിയിലേക്കും കുട്ടികള്‍ പോകുന്ന വഴികൂടിയാണിത്. രണ്ടാഴ്ച മുമ്പ് അവധി ദിനത്തില്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഒരു വശത്ത് ടോറസ് ലോറി ഇടിച്ചു കയറിയിരുന്നു.
പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും കൂടുതല്‍ ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ റോഡില്‍ വാഹന പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞാല്‍ ടിപ്പറുകളെല്ലാം ഒതുക്കിയിടുകയാണ് പതിവ്. അമിത ലോഡും വേഗത്തില്‍ ഇറക്കം ഇറങ്ങി വരുന്നതും അശ്രദ്ധയോടെ വാഹനം കൈകാര്യം ചെയ്യുന്നതുമാണ് വാഹനാപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിലേയെത്തുന്ന മുഴുവന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരും മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് വാഹനം ഓടിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ ദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് പ്രശ്നം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും പൊതുപ്രവര്‍ത്തകനായ ഷാജി കാട്ടൂര്‍ പറഞ്ഞു. രണ്ടു വാഹനങ്ങള്‍ മറിഞ്ഞത് ഇപ്പോഴും അവിടെ കിടക്കുകയാണ്. അധികൃതര്‍ അലംഭാവം തുടര്‍ന്നാല്‍ ബഹുജന പങ്കാളിത്വത്തോടെ റോഡുപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഷാജി കാട്ടൂര്‍ പറഞ്ഞു.