തൃശ്ശൂര്‍ : അതിരപ്പിള്ളി മലക്കപ്പാറ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ മലയാളികളായ വിനോദസഞ്ചാരികള്‍ക്ക് മര്‍ദ്ദനം. കാറില്‍ നിന്ന് വലിച്ചിറക്കി തമിഴ്‌നാട് പോലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും വിനോദസഞ്ചാരികള്‍ പുറത്തുവിട്ടു.
മാള, പറവൂര്‍ സ്വദേശികളായ അധ്യാപകനും സുഹൃത്തുക്കളുമായിരുന്നു വിനോദസഞ്ചാര സംഘത്തില്‍. ഇവര്‍ മുറിയെടുത്തത് മലക്കപ്പാറയിലെ റിസോര്‍ട്ടിലായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ അതിര്‍ത്തി കടന്ന് പോയി. ഈ സമയം ആരും തടഞ്ഞില്ല. എന്നാല്‍ റിസോര്‍ട്ടിലേക്ക് മടങ്ങുന്നതിനിടെ ഷോളയാര്‍ ഡാം പോലീസ് തടഞ്ഞു. ഇ-പാസ് കാണിക്കാനായിരുന്നു നിര്‍ദ്ദേശം. ഇ പാസെടുത്ത് കാണിച്ചെങ്കിലും സമ്മതിച്ചില്ല. കേരള, തമിഴ്‌നാട് അതിര്‍ത്തിയായ മലക്കപ്പാറ ആനമല ചെക്‌പോസ്റ്റില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. തമിഴ്‌നാട് പോലീസിന് കൈമടക്ക് കൊടുത്തില്ലെങ്കില്‍ വിനോദസഞ്ചാരികളെ ഓരോ കാരണം പറഞ്ഞ് വഴിമുടക്കും.
നേരത്തെ അതിരപ്പിള്ളി, ആനമല റോഡിലെ ചെക്‌പോസ്റ്റ് കോവിഡ് കാലത്ത് അടച്ചിരുന്നു. കഴിഞ്ഞ ഇരുപത്തിയാറു മുതല്‍ ഈ നിയന്ത്രണങ്ങള്‍ നീക്കി. പകല്‍സമയത്ത് ഇതുവഴി യാത്ര ചെയ്യാന്‍ ഒട്ടേറെ ടൂറിസ്റ്റുകള്‍ എത്തുന്നുണ്ട്. അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നതോടെ സന്ദര്‍ശകരുടെ തിരക്കും കൂടി. കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഇടപ്പെട്ടില്ലെങ്കില്‍ ഇതുവഴി പോകുന്ന വിനോദസഞ്ചാരികള്‍ ഇനിയും സമാന സാഹചര്യം നേരിടേണ്ടി വരും.