ക്രിസ്മസ് കാലമാണ്. പലരും തങ്ങളുടെ അവധി പ്ലാനുകൾ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടാകും.തൃശൂരിലാണ് നിങ്ങളെങ്കിൽ ഈ സ്ഥലങ്ങൾ തീർച്ചയായും മിസ് ചെയ്യരുത്. അതിരപ്പിള്ളി- കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. എൺപതടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. മഴക്കാലത്ത് രൗദ്ര ഭാവത്തിലുള്ള അതിരപ്പിള്ളിയെ സഞ്ചാരികൾക്ക് ആസ്വാദിക്കാം. ശൈത്യകാലത്തും അതിരപ്പിള്ളി നിങ്ങളെ നിരാശപ്പെടുത്തില്ല. അതിരപ്പിള്ളിയിൽ നിന്നും നിബിഡ വനങ്ങൾക്കുള്ളിലൂടെ കഷ്ടിച്ച് അഞ്ച് കിമി കഴിഞ്ഞാൽ വാഴച്ചാൽ വെള്ളച്ചാട്ടമായി. അതിരപ്പള്ളിയെ പോലെ രൗദ്ര ഭാവത്തിലല്ല, മുകളിൽ നിന്നും ഉയരത്തിൽ പതിക്കുന്നതുമല്ല വാഴച്ചാൽ. പക്ഷിനീരീക്ഷണം ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ ഇടം കൂടിയാണിത്. അതിരപ്പിള്ളിയിൽ നിന്നും 53 കിമി യാത്ര ചെയ്താൽ തമിഴ്നാട്-കേരള അതിർത്തിയിലുള്ള മനോഹര ഗ്രാമമായ മലക്കപ്പാറയും കാണാം. മലപ്പാറയിൽ നിന്നും 20 കിമി പോയാൽ വാൽപ്പാറയും കണ്ട് മടങ്ങാം.
പുള്ള് എന്ന സ്വർഗം
പുള്ളിലെ ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കാൻ എപ്പോഴും സഞ്ചാരികളുടെ ഒഴുക്കാണ്. സൂര്യോദയവും അസ്തമയവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പച്ചപ്പുൽ നിറഞ്ഞ പാടങ്ങളും നടുവിലൂടെയുള്ള കാലുകളും ആമ്പൽക്കുളവും കുട്ടവഞ്ചി യാത്രയുമെല്ലാം സഞ്ചാരികളുടെ മനസ് നിറയ്ക്കും. കുട്ടവഞ്ചിക്ക് പുറമെ കോൾപാടങ്ങളിലൂടെ പെഡൽബോട്ട് യാത്രയും ഉണ്ടിവിടെ. റീലുകൾ തരംഗമായതോടെ ഗ്രാമീണകാഴ്ചകള്ക്കൊപ്പം റീൽ എടുക്കാൻ എത്തുന്നവരും കുറവല്ല. 200 രൂപയാണ് കുട്ടവഞ്ചിയില്‍ കയറാന്‍ മുടക്കേണ്ടത്, രാവിലെ എട്ടു മുതല്‍ ആറു വരെയാണ് പ്രവര്‍ത്തനസമയം.
ചാവക്കാട് ബീച്ച് വീണ്ടും തുറന്നു
സായാഹ്നങ്ങൾ ആസ്വദിക്കാൻ ചാവക്കാട് ബീച്ചിലേക്ക് സഞ്ചാരികൾ എത്താറുണ്ട്. ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണം ഇരട്ടിയായി. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാനാകും. ഗുരുവായൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതിനാൽ തീർത്ഥാടകർക്കും ഏറേ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്.ചാവക്കാട് കടപ്പുറത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കടലിന്റെയും നദിയുടെയും സംഗമമായ അഴിമുഖവും ഇവിടുത്തെ പ്രത്യേകതയാണ്