കോന്നി : ജില്ലക്ക് വേണ്ടി സ്വർണ്ണ മെഡലുകൾ നേടിയ കായിക താരം സാമ്പത്തിക ബുദ്ധിമുട്ടിനാൽ ദേശീയ മീറ്റിൽ പങ്കെടുക്കാൻ കഴിയാതെ വലയുമ്പോഴും ബന്ധപ്പെട്ടവർ തിരിഞ്ഞ് നോക്കുന്നില്ല. കിഴവള്ളൂർ സ്വദേശിയും അടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് റ്റു വിദ്യാർത്ഥിനിയുമായ അമാനിക എച്ച് ആണ് നാഷണൽ മീറ്റിൽ പങ്കെടുക്കാൻ സാമ്പത്തികമില്ലാതെ ബുദ്ധിമുട്ടുന്നത്. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ സംസ്ഥാന മത്സരത്തിൽ വിജയിയായ അമാനിക ജൂനിയർ വിഭാഗത്തിൽ നൂറ് മീറ്റർ ഓട്ടത്തിൽ ആണ് സ്വർണ്ണമെഡൽ വാങ്ങിയിട്ടുള്ളത്. ഒൻപത് സ്വർണ്ണമെഡലുകൾ ആണ് ഇതിനോടകം വാങ്ങിയിരിക്കുന്നത്. മാതാവ് ബിന്ദു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും പലപ്പോഴും പണം പലിശക്ക് എടുത്താണ് അനാമികയെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് കൊണ്ടിരിക്കുന്നത്. ഏക മകളായ അനാമിക ഏഴാം ക്ലാസ് മുതൽ കായിക രംഗത്ത് സജീവമാണ്.
നിരവധി മെഡലുകൾ ജില്ലക്ക് വേണ്ടി വാരികൂട്ടിയിട്ടും കായിക മേഖലയുമായി ബന്ധപ്പട്ടവർ തനിക്ക് ഒരു പിന്തുണയും നൽകുന്നില്ലെന്നും അമാനികയും അമ്മയും പറയുന്നു. കിഴവള്ളൂരിലെ വാടക വീട്ടിൽ ആണ് ഇരുവരും താമസം. കായിക അധ്യാപകനായ റിജിൻ മാത്യു എബ്രഹാം അമാനികക്ക് വേണ്ട കായിക പരിശീലനം നൽകുന്നത്. പൂർണ്ണമായും സൗജന്യമായാണ് ഇദ്ദേഹം ഈ കായികതാരത്തെ പരിശീലിപ്പിക്കുന്നത്. പത്തനംതിട്ട ഫിറ്റ്നസ് പാർക്ക് എന്ന ജിംനേഷ്യം അധികൃതർ സൗജന്യ വർക്ക് ഔട്ടും നൽകി വരുന്നുണ്ട്. 100 മീറ്റർ ഓട്ടത്തിൽ 2023 ലും സ്വർണം നേടിയിരുന്നു. അനാമികയുടെ സ്‌കൂളിലെ സിമി എന്ന അധ്യാപിക എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. നവംബർ നാലിന് കോയമ്പത്തൂരിലും നവംബർ നാലാം ആഴ്ച കോയമ്പത്തൂരിൽ നടക്കുന്ന മത്സരത്തിലും അമാനികക്ക് പങ്കെടുക്കേണ്ടതായിട്ടുണ്ട്. എന്നാൽ അമാനികയുടെ കൈവശമുള്ള ജമ്പിങ് സ്പൈക്സ് അടക്കമുള്ള കായിക വസ്തുക്കൾ തകരാറിൽ ആയതിനാൽ പുതിയത് ഉണ്ടെങ്കിൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കൂ. എന്നാൽ ഇത് വാങ്ങുന്നതിന് പണമില്ലാതെ വിഷമിക്കുകയാണ് അനാമികയും അമ്മയും. യാത്രാ ചിലവും വേറെ വേണ്ടി വരും. ഒന്നര ലക്ഷം രൂപയിലധികം ഇതുവരെ ചിലവായതായി ഇവർ പറയുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ അടക്കമുള്ള ബന്ധപ്പെട്ടവർ ഇതിന് അടിയന്തിര പരിഹാരം കാണുന്നതിനായി ഇടപെടേണ്ടത് ആവശ്യമാണ്.