ലക്‌നൗ: ജയിലില്‍ കഴിയുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്റെ മകന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഝാന്‍സിയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് മകന്‍ അസദ് അഹമ്മദ് കൊല്ലപ്പെടുന്നത്. അസദിന്റെ സുഹൃത്ത് ഗുലാമിനേയും പോലീസ് വധിച്ചു. അസദ് അഹമ്മദിന്റെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഝാന്‍സിക്ക് സമീപം അസദ് ഒളിച്ചിരിക്കുകയായിരുന്നുവെന്നും സുഹൃത്ത് ഗുലാമിനൊപ്പമാണ് അസദ് ഉണ്ടായിരുന്നതെന്നും എസ്ടിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. ഇരുവരില്‍ നിന്നും വിദേശ ആയുധങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രാജുപാല്‍ വധക്കേസിലെ സാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തുന്നത് ഗുലാമായിരുന്നു. അസദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ എസ്ടിഎഫ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.