കൊച്ചി : എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയ അന്യസംസ്ഥാന സംഘം പിടിയില്‍. രാജസ്ഥാന്‍ സ്വദേശികളായ ആസിഫ് അലി (26), സാദിഖ് ഖാന്‍ (30) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എടിഎമ്മില്‍നിന്നു പണം എടുത്ത ശേഷം ഇവര്‍ പവര്‍ ഓഫ് ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. എടിഎമ്മില്‍നിന്നും പണം ലഭിച്ച ഉടനെ പവര്‍ ഓഫ് ചെയ്യുന്നതായിരുന്നു രീതി. ഇതോടെ, അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടുമെങ്കിലും എടിഎമ്മിലെ സോഫ്റ്റ് വെയറില്‍ പണം നഷ്ടമായതായി കാണിക്കില്ല. ഈ സാധ്യതയാണ് തട്ടിപ്പിനായി ഇവര്‍ പ്രയോഗിച്ചത്.
ഇത്തരത്തില്‍ ഒന്നരലക്ഷത്തോളം രൂപയാണ് ഇവര്‍ കവര്‍ന്നത്. പോണേക്കരയിലെ എസ്ബിഐ എടിഎമ്മില്‍നിന്നു പണം തട്ടിയെന്ന് കാണിച്ചു ബേങ്ക് മാനേജര്‍ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബൈക്ക് വാടകക്കെടുത്തായിരുന്നു തട്ടിപ്പിനായി ഇരുവരും കറങ്ങിയിരുന്നത്. ആദ്യം മോഷണം നടത്തിയപ്പോള്‍ ഇവരിലേക്കു പോലീസ് സംഘം അന്വേഷണം കേന്ദ്രീകരിച്ചിരുന്നു. രണ്ടാം തവണ മോഷണത്തിനായി ബൈക്ക് വാടകക്കെടുക്കാനായി എത്തിയപ്പോഴാണ് അറസ്റ്റ്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും