കൊച്ചി: 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി ഇടപ്പള്ളിയില്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക് പിടിയിലായത്. ഏഴുതവണയായി ഇരുപത്തയ്യായിരം രൂപയോളമാണ് കവര്‍ന്നത്. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് പണം കവരുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഈ മാസം 18, 19 തീയതികളിലായിരുന്നു കളമശേരി പ്രീമിയര്‍ ജംങ്ഷനിലെ എടിഎമ്മില്‍ നിന്ന് പണം കവര്‍ന്നത്.എടിഎം കൗണ്ടറിലെത്തിയ മോഷ്ടാവ് മെഷീനില്‍ നിന്ന് പണം വരുന്ന ഭാഗം എന്തോവെച്ച് മറയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൗണ്ടര്‍ വിടുന്ന മോഷ്ടാവ് പുറത്ത് കാത്തു നില്‍ക്കുന്നു. ഇടപാടുകാര്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ നോട്ടുകെട്ടുകളുടെ ശബ്ദം കേള്‍ക്കാമെങ്കിലും പണം പുറത്ത് വരില്ല.
സാങ്കേതിക തടസമെന്ന ധാരണയില്‍ ഇടപാടുകാര്‍ സ്ഥലംവിടും. ഇതിന് പിന്നാലെയെത്തുന്ന മോഷ്ടാവ് തടസം നീക്കി പണം തട്ടിയെടുക്കുകയായിരുന്നു.കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്ന് ഇയാള്‍ 25,000 രൂപ തട്ടിയതായും പോലീസ് പറയുന്നു. പണം നഷ്ടമായതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ബാങ്കില്‍ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിച്ചു. 10,000 രൂപയോളം നഷ്ടമായവരാണ് ബാങ്കില്‍ വിളിച്ച് പരാതി പറഞ്ഞത്.കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, എടപ്പള്ളി, ബാനര്‍ജി റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്. സി.സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.