കോന്നി : അട്ടച്ചാക്കല്‍ മണിയൻപാറയിൽ ഭാര്യയുടെ ദുരൂഹ മരണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഗണനാഥന്റെയും ഭാര്യയുടേയും മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിൽ അനിശ്ചിതത്വമെന്ന് കോന്നി പോലീസ്. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ് മോർട്ടവും പൂർത്തിയായെങ്കിലും മൃതദേഹങ്ങൾ ഏറ്റുവാങ്ങുവാൻ ബന്ധുക്കൾ തയ്യാറാകാത്തതാണ് പോലീസിനെ കുഴക്കുന്നത്.
കൊവിഡ് പരിശോധനകളും പോലീസ് നടപടികളും പൂർത്തിയാക്കിയ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം അടക്കം ചെയ്യുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹം മക്കളോ ബന്ധുക്കളോ ഇതുവരെ ഏറ്റുവാങ്ങിയില്ല. ഇരുവരുടേയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ തൃശൂരിൽ താമസിക്കുന്ന മകൻ ഏറ്റുവാങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരേയും അവര്‍ എത്തിയിട്ടില്ല. അതിനാല്‍ രേഖാമൂലം നോട്ടീസ് നൽകാനാണ് കോന്നി പോലീസിന്റെ തീരുമാനം.
ജൂൺ ഇരുപതിന് ആയിരുന്നു ഇരുവരുടേയും മരണം. രാവിലെ ഉണര്‍ന്നപ്പോള്‍ ഭാര്യ മരിച്ചു കിടക്കുന്നതാണ് ഗണനാഥന്‍ കണ്ടത്. ഇതില്‍ മനംനൊന്ത് കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. രമണി ഹൃദ്രോഗിയായിരുന്നെന്ന് പറയുന്നു.
ഗണനാഥന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രമണിയെ കൂടെ കൂട്ടുകയായിരുന്നു. രമണിയാകട്ടെ സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഗണനാഥന്റെ കൂടെ കൂടിയത്. ഇരുവരും കുറെ വര്‍ഷങ്ങളായി അട്ടച്ചാക്കല്‍ മണിയന്‍പാറയില്‍ ഒരുമിച്ചാണ് താമസം. രമണിയുടെ ആദ്യ ഭര്‍ത്താവ് പത്തുദിവസം മുമ്പാണ് മരിച്ചത്. രമണിയുടെ ആദ്യബന്ധത്തിലെ മകനാണ് തൃശൂരില്‍ ഉള്ളത്. ഇയാള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വരുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ എത്തിയിട്ടില്ല.
ഗണനാഥന്റെ ആദ്യഭാര്യയും രണ്ടുമക്കളും തൊട്ടടുത്ത വീട്ടിലാണ് താമസം. ഇവര്‍ക്ക് ഗണനാഥനുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് പറയുന്നത്. അതിനാല്‍ അവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറല്ല. പുലിവാലു പിടിച്ചത് കോന്നി പോലീസാണ്. ബന്ധുക്കള്‍ ആരും മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ തുടര്‍ന്നുള്ള ജോലി പോലീസിനുതന്നെ.