പാലപ്പിള്ളി : തോട്ടങ്ങളില്‍ കാട്ടാനകളെ തുരത്താനിറങ്ങിയ ദൗത്യസംഘത്തിനു നേരെ ഒറ്റയാന്റെ ആക്രമണം.
വയനാട്ടില്‍ നിന്നുള്ള ആര്.ആര്.ടി. അംഗത്തിന് കാട്ടാനയുടെ അടിയേറ്റ് പരിക്കേറ്റു. മുക്കം സ്വദേശി കല്പ്പൂര് വീട്ടില്‍ ഹുസൈനാ (32)ണ് പരിക്ക്. വാരിയെല്ലുകള്‍ ഒടിഞ്ഞ ഹുസൈനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. രാവിലെ കാട്ടിലിറങ്ങിയ സംഘം ഭക്ഷണശേഷം വിശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഉച്ചവരെ കുങ്കിയാന സംഘത്തിന് പിടികൊടുക്കാതെ കാട്ടില്‍ പാഞ്ഞുനടന്ന കാട്ടാനയാണ് മടങ്ങിവന്ന് ആക്രമിച്ചത്.
കുങ്കിയാനകള്‍ നില്‍ക്കുന്നതിന്റെ 200 മീറ്റര്‍ മാറിയാണ് ദൗത്യസംഘാംഗങ്ങള്‍ നിന്നത്. റോഡില്‍ ഒറ്റയാന് നില്‍ക്കുന്നതറിഞ്ഞ് ചെന്നു നോക്കുന്നതിനിടെയായിരുന്നു ആക്രമണം. കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ സംഘാംഗങ്ങള്‍ ചിതറിയോടി. ഇതിനിടെ ഹുസൈന് കാട്ടാനയുടെ തുന്പികൈകൊണ്ടുള്ള അടിയേറ്റു. ഈ സമയം വനം വകുപ്പ് ജീവനക്കാര്‍ ബ്രസൂക്ക എന്ന ആയുധം ഉപയോഗിച്ച് കാട്ടാനയെ തിരിച്ച് ആക്രമിച്ചു. ഉഗ്രശബ്ദത്തോടെ പൊട്ടുന്ന ബ്രസൂക്ക പ്രയോഗിച്ചതോടെ കാട്ടാന കാട്ടിലേക്ക് തന്നെ ഓടി മറയുകയായിരുന്നു.
വയനാട് വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് വിഷ്ണു, ഡി.എഫ്.ഒ. അരുണ്‍ജിത്ത്, ആര്.ആര്.ടി. ദിനേഷ് എന്നിവരാണ് ഹുസൈനോടൊപ്പമുണ്ടായിരുന്നത്. കൃത്യസമയത്ത് ദിനേഷാണ് ബ്രസൂക്കയുമായി കാട്ടാനയെ നേരിട്ടത്. സംഘാംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍മൂലം അത്യാഹിതം ഒഴിവായി.