മാന്നാർ : തെരുവ് നായകളുടെ ആക്രമണം ചെന്നിത്തലയിലും വർധിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. ചെന്നിത്തല നവോദയ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം മൂന്നോളം പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. നവോദയ സ്കൂളിന് കിഴക്കുവശം ഒരിപ്രം ശിവകൃപയിൽ മണിക്കുട്ടനു (63) നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് മണിക്കുട്ടനെ തെരുവുനായ ആക്രമിച്ചത്. കാലിനും മൂക്കിനും പരിക്കേറ്റ മണിക്കുട്ടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർത്ഥികളെയും ബൈക്ക് യാത്രക്കാരനെയും തെരുവ് നായകള്‍ ആക്രമിച്ചു. പുത്തുവിളപ്പടി ജംഗ്ഷനില്‍ ചിലര്‍ രാവിലെയും വൈകിട്ടും ബിസ്കറ്റുകളും മറ്റു കടികളും വാങ്ങി നായകള്‍ക്ക് നൽകുന്നതാണ് നവോദയ സ്കൂളിന് സമീപം തെരുവ് നായകളുടെ ശല്യം വർധിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം മാന്നാറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നു പേർക്ക് കൂടി പരിക്കേറ്റിരുന്നു. കുട്ടംപേരൂർ ചാങ്ങയിൽ ജംഗ്ഷനില്‍ വെച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേരെയും പാൽ വാങ്ങാനായി വന്ന ഗ്രഹനാഥനെയുമാണ് നായ്ക്കൾ ആക്രമിച്ചത്. കുട്ടംപേരൂരിൽ നായ ശല്യം രൂക്ഷമായതോടെ ആളുകൾക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായകളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുട്ടികൾ ഉൾപ്പെടെ പത്തിലധികം പേർക്കാണ് തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്.