ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും തലസ്ഥാനമായ ബിഷ്കെക്കിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച രാത്രി ബിഷ്‌കെക്കിൽ വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തദ്ദേശീയ വിദ്യാർത്ഥികളുടെ ആക്രമണം പൊട്ടിപ്പുറപ്പെട്ടിരുന്നു. പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികൾ താമസസ്ഥലങ്ങളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തദ്ദേശീയരായ വിദ്യാർത്ഥികളും ഈജിപ്ഷ്യൻ വിദ്യാർത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.
വിദേശ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി ബിഷ്‌കെക്കിൽ നടന്ന പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയായിരുന്നു. വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന കെട്ടിടങ്ങളും മെഡിക്കൽ സർവകലാശാലാ ഹോസ്റ്റലുകളും കിർഗിസ് വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് പേർ ആക്രമിച്ചു. സംഭവത്തിൽ അഞ്ച് പാകിസ്ഥാനി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് ബിഷ്‌കെക്കിലെ വിദ്യാർത്ഥികളെ പാകിസ്ഥാൻ ഒഴിപ്പിച്ചു തുടങ്ങി.