മുംബൈ: നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇവരെ ആക്രമിച്ചത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന ഏഴുപേരടങ്ങുന്ന സംഘത്തെയാണ് റെയിൽവേ ട്രാക്കുകളിൽ ഉപയോഗിക്കുന്ന കോൺക്രീറ്റ് സ്ലീപ്പർ സ്ലാബുകളിലൊന്ന് ഉപയോഗിച്ച് മർദ്ദിച്ചത്.
നിലവിളി കേട്ട് റെയിൽവേ പോലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി അക്രമിയെ പിടികൂടി. കൊല്ലപ്പെട്ടവരിൽ ഒരാൾ തമിഴ്നാട് സ്വദേശി ഗണേഷ് കുമാർ (40) ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിനു ശേഷം നാഗ്പൂർ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കി.