പീരുമേട്: വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനെതിരായ ആക്രമത്തിൽ പ്രതി പാൽരാജിന്റെ ലക്ഷ്യം കൊലപാതകം തന്നെയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തൽ. പ്രതി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തിയശേഷം ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും എന്നാണ് അറിയുന്നത്.ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ട അർജ്ജുന്റെ പിതൃസഹോദരൻ ഇരയുടെ അച്ഛനെയും മുത്തച്ഛനെയും ഇന്നലെ രാവിലെയാണ് കുത്തിപരിക്കേൽപ്പിച്ചത്.
സംഭവത്തിൽ അർജ്ജുന്റെ പിതാവിന്റെ അനിയൻ പാൽരാജ് (46) അറസ്റ്റിലായി. ഇരയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ഈ സമയം പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തത് വാക്കുതർക്കമായി. ഇത് കൈയാങ്കളിയിലേക്ക് കടക്കുകയും പാൽരാജ് കൈയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പിതാവിന്റെ ഇരുകാലുകളുടെയും തുടയ്ക്കാണ് പരിക്കേറ്റത്. നെഞ്ചത്തും തോളിനും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛന് തോളിനും ഇരുമുട്ടുകൾക്കും പരിക്കുണ്ട്. ഇരുവരെയും വണ്ടിപ്പെരിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റിയിട്ടുണ്ട്.