തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നംഗ സംഘം പിടിയിൽ. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തിൽ പെൺകുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. തുടർന്ന് പ്രതികൾക്കെതിരെ പോക്സോ കേസും കൂടി രജിസ്റ്റർ ചെയ്തു.
പ്രതികൾ പെൺകുട്ടിയെ പെരുമാതുറയിൽ നിന്നും ചിറയിൻകീഴ് എത്തിച്ച ശേഷം ട്രെയിൻ മാർഗം തിരൂരിലേയ്ക്ക് തിരിക്കുകയായിരുന്നു. പ്രതികൾ തിരൂരിൽ എത്തിയെന്ന് വിവരം ലഭിച്ച കഠിനംകുളം പോലീസ് തിരൂർ പോലീസിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. പോലീസ് പിൻതുടരുന്നു എന്ന് മനസിലാക്കിയ പ്രതികൾ മറ്റൊരു ട്രെയിനിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. തട്ടിക്കൊണ്ടു പോകലിന് കേസ് എടുത്തതിനു ശേഷമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.