വൈക്കം: വൈക്കത്ത് കഴിഞ്ഞദിവസം വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടുപേര്‍കൂടി പോലീസ് പിടിയിലായി. ഉദയനാപുരം നക്കംത്തുരുത്ത് ഭാഗത്ത് ചെട്ടിച്ചിറ പ്രവീണ്‍ ജി. കുമാര്‍ (ആലു), പെരുമ്പളം എസ്കെവി സ്കൂളിനു സമീപം ചെട്ടിപ്പറമ്പത്ത് ശ്രീജിത്ത് (ടുട്ടു) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പതിനു ഇവരും സുഹൃത്തായ ഷലീൽ ഖാനും ചേര്‍ന്ന് വൈക്കം സ്വദേശിയായ വ്യാപാരിയെ ചാലപറമ്പ് ഭാഗത്തു വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
മുമ്പ് വ്യാപാരിയെ കയ്യേറ്റം ചെയ്തതിനു ഷലീൽ ഖാനെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ വ്യാപാരി പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്നു വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിലൊരാളായ കൊട്ടാരംവീട്ടിൽ ഷലീൽ ഖാനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന ഇവർക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശക്തമായ തെരച്ചിലിനൊടുവിൽ ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.