വല്ലപ്പുഴ : ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്‌കൂട്ടറില്‍ വന്നിരുന്ന യുവതിയെ പരസ്യമായി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിന് വല്ലപ്പുഴയില്‍ വെച്ച് നടന്ന സംഭവത്തില്‍ വല്ലപ്പുഴ പുത്തന്‍പീടിയേക്കല്‍ ഹംസയാണ് (33) അറസ്റ്റിലായത്. സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പ്പെട്ട ഹംസ മുമ്പ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലും കാര്‍ തീവെച്ച് നശിപ്പിച്ചതിന് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കൂടാതെ ഭാര്യയെ പീഡിപ്പിച്ചതിന് ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ഹംസക്കെതിരെ രണ്ട് അടിപിടിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്ന് പോലീസ് പറഞ്ഞു.