ഹൈദരാബാദ് : തെലങ്കാനയിലെ മുഷീറാബാദിൽ ഒരു കുടുംബത്തിലെ 30 മുസ്‌ലിം വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ വ്യാജ അപേക്ഷ സമർപ്പിച്ച സംഭവത്തിൽ ബിജെപി ബൂത്ത് ലെവൽ ഏജൻ്റിനെതിരെ (ബിഎല്‍എ) കേസ്. എസ്. ബാലചന്ദറിനെതിരെയാണ് കേസ്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കുന്നതിനായി ഉപയോഗിക്കുന്ന ‘ഫോം-7’ ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനായി ഉപയോഗിക്കുന്ന ഫോം 7 അപേക്ഷകളിൽ വോട്ടർമാരുടെ വിവരങ്ങൾ നേരത്തെ തന്നെ ഡിജിറ്റലായി പ്രിന്റ് ചെയ്ത് ചേർത്ത നിലയിലായിരുന്നു. കുടുംബാംഗങ്ങൾ സ്ഥിരമായി താമസം മാറിയെന്ന് കാണിച്ചാണ് ഫോം-7 അപേക്ഷകൾ ഇയാൾ സമർപ്പിച്ചത്. എന്നാൽ തങ്ങൾ വർഷങ്ങളായി ഇവിടെത്തന്നെയാണ് താമസിക്കുന്നതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. നീക്കം ചെയ്യാൻ അപേക്ഷ നൽകിയ 30 പേരിൽ ഒരു കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റും ഉൾപ്പെട്ടിരുന്നു.
തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ ഫീൽഡ് പരിശോധനയിൽ അപേക്ഷയിലുള്ള 30 പേരും മുഷീറാബാദിലെ സ്ഥിരതാമസക്കാരാണെന്ന് കണ്ടെത്തിയത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ വിവരങ്ങൾ നൽകൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിച്ച സാഹചര്യം, ഇതിന് പിന്നിലെ ലക്ഷ്യം എന്നിവ പോലീസ് പരിശോധിച്ച് വരികയാണ്. സമാനമായ രീതിയിൽ പ്രിന്റ് ചെയ്ത ഫോം 7 ഉപയോഗിച്ചുള്ള വോട്ട് വെട്ടാനുള്ള ശ്രമങ്ങൾ ഹൈദരാബാദിലെ ബഹാദൂർപുര, ഗോഷാമഹൽ എന്നീ മണ്ഡലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി ഫോം 7 ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ സി. സുദർശൻ റെഡ്ഡി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കേസ് എടുത്തത്.




























