തിരുവനന്തപുരം: വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കാരോട്, മാറാടി ചെറുകുഴിക്കര വീട്ടിൽ ബൈജു (46) ആണ് അറസ്റ്റിലായത്. വൃദ്ധയും റിട്ട. അദ്ധ്യാപികയുമായ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ആണ് ഇയാളെ പൊഴിയൂർ പോലീസ് അറസ്റ്റു ചെയ്തത്. ചെങ്കവിളയ്ക്ക് സമീപം മാറാടി ആർ.എസ് ഭവനിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുകുമാരി അമ്മയ്ക്കാണ് (80) പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത്.
ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാൾ നെയ്യാറ്റിൻകരയിലും മകൾ സമീപത്തും കുടുംബവുമൊത്ത് താമസിക്കുകയാണ്. കഴിഞ്ഞ 12 വർഷങ്ങൾക്ക് മുൻപ് രണ്ടാമത്തെ മകനെ കാണാതായതിനെ തുടർന്ന് വീട്ടിൽ ഒറ്റയ്ക്കാണ് വൃദ്ധയായ അമ്മ കഴിയുന്നത്. ഇക്കഴിഞ്ഞ 14ന് കട്ടിലിൽ കിടന്ന് ടി.വി കണ്ടുകൊണ്ടിരിക്കെ രാത്രി എട്ട് മണിയോടെയാണ് മോഷണം നടന്നത്. മുൻവശത്തെ വാതിലിലൂടെ വീടിനുള്ളിൽ കടന്ന കള്ളൻ സുകുമാരിഅമ്മയുടെ അടുത്തെത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സുകുമാരിഅമ്മ നിലവിളിച്ചെങ്കിലും ഇവരോടുള്ള നീരസം കൊണ്ട് അയൽക്കാരാരും എത്തിയില്ല.