തിരുവനന്തപുരം : പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടും. രാവിലെ 10.50ന് ആണ് പണ്ടാര അടുപ്പിൽ തീ പകരുന്നത്. വിഗ്രഹത്തിന് മുന്നിൽ നിന്നും പകരുന്ന അഗ്നി ഇത് ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുളള അടുപ്പുകളിൽ പകർന്ന ശേഷം പണ്ടാര അടുപ്പിൽ എത്തിക്കുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. ക്ഷേത്ര മേൽശാന്തിയാണ് പണ്ടാര അടുപ്പിൽ തീ പകരുക. ഈ സമയത്ത് തന്നെ വീടുകളിൽ പൊങ്കാല ഇടുന്ന ഭക്തരും അടുപ്പുകളിൽ തീ കത്തിക്കും. ഇതോടെ പൊങ്കാലക്ക് തുടക്കമാകും. ഉച്ചക്ക് ഒന്ന് ഇരുപതിന് ആണ് പൊങ്കാല നിവേദ്യം.
പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ല. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു. 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഇപ്പോൾ കൊവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്
എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകൾ മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്. സാധാരണ ഗതിയിൽ ആറ്റുകാൽ പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്ര പരിസരം മുതൽ മണ്ണന്തല വരെയുള്ള സ്ഥലങ്ങളിൽ ഭക്തരെക്കൊണ്ട് നിറയുമായിരുന്നു. പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ നഗരം യാഗശാലയായി മാറുന്ന കാഴ്ചയായിരുന്നു. മറ്റ് ജില്ലകളിൽ നിന്നടക്കം ഭക്തർ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ എത്തുമായിരുന്നു. ഇവർക്കായി ഗതാഗതത്തിനടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുക.