തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ പ്രാഥമിക അവലോകന യോഗം ചേര്‍ന്നു. കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി സബ്കളക്ടര്‍ എം.എസ് മാധവിക്കുട്ടിയെ ചുമതലപ്പെടുത്തി.
ഒമിക്രോണിന്റെ പശ്ചാത്തലത്തിലാണ് മുന്‍കൂട്ടി ജില്ലയിലെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. പൊങ്കാല പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഉത്സവ മേഖലയായിട്ടുള്ള എല്ലാ വാര്‍ഡുകളിലും റോഡുകളുടെ അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021ല്‍ ലളിതമായാണ് പൊങ്കാല ചടങ്ങുകള്‍ നടത്തിയത്. 2022 ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല.