കോന്നി : വനം വകുപ്പിന്റെ സർപ്പ ആപ്പിൽ കേരളത്തിൽ നിന്ന് പിടികൂടുന്ന പാമ്പുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നില്ലെന്ന് അധികൃതരുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി വനംവകുപ്പിന്റെ മാർഗനിർദേശങ്ങളിൽ ലംഘിച്ച വോളണ്ടിയർമാരെ സംഘത്തിൽ നിന്നും ഒഴിവാക്കി. 64 വോളണ്ടിയർമാരെയാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഒഴിവാക്കിയത്. ജനവാസ മേഖലയിൽ നിന്നും കണ്ടെത്തുന്ന പാമ്പുകളെ പരിശീലനം ലഭിച്ച വോളണ്ടിയർമാർ പിടികൂടി കാട്ടിലേക്ക് തുറന്നുവിടുന്നതിനായി വനം വകുപ്പ് വികസിപ്പിച്ചെടുത്ത ആപ്പാണ് ‘സർപ്പ’ മൊബൈൽ ആപ്ലിക്കേഷൻ. പാമ്പുകളെ എവിടെ നിന്നും പിടികൂടുന്നു എന്നും എവിടെ തുറന്നുവിടുന്നു എന്നും ജിപിഎസ് വിവരങ്ങൾ ഉൾപ്പെടെ ഈ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടമെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നാണ് കണ്ടെത്തൽ.
തലസ്ഥാനത്തെ ഒരു വനിതാ ബീറ്റ് ഓഫീസർ വിഷപാമ്പുകളെ അനധികൃതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുവാൻ വനം വകുപ്പ് തയ്യാറാകാതിരിക്കുന്നതിനിടയിലാണ് ഇത്തരം വിവരങ്ങൾ പുറത്തുവരുന്നത്. സർപ്പയിൽ ഇപ്പോൾ 933 വോളണ്ടിയർമാരാണ് ഉള്ളത്. വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കാതെ പാമ്പുകളെ കൈകാര്യം ചെയ്തതിനും പണം ആവശ്യപ്പെട്ടതിനും അനധികൃതമായി പ്രദർശിപ്പിച്ചതിനുമാണ് വോളണ്ടിയർമാരെ ഒഴിവാക്കിയത്. വരുന്ന ഓഗസ്റ്റിൽ സർപ്പ ആപ്ലിക്കേഷൻ നടപ്പാക്കിയിട്ട് 5 വർഷം പൂർത്തിയാകുന്നതോടെ ഇതു സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ കർശനമാക്കി പുതുക്കുവാൻ ഉള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്.
വോളണ്ടിയർമാർ വിഷപാമ്പുകളെ പിടികൂടിയാൽ മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിയ ശേഷം അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കണമെന്നാണ് ചട്ടം. ഇത്തരത്തിൽ ലഭിക്കുന്ന പാമ്പുകളെ കൺട്രോൾ റൂമിൽ സൂക്ഷിച്ച ശേഷം ഒന്നിച്ചു കൊണ്ട് പോയി വനത്തിൽ തുറന്നു വിടുകയാണ് ചെയ്യുന്നത്. എന്നാൽ ഈ വിവരങ്ങൾ പലപ്പോഴും സർപ്പ ആപ്പിൽ രേഖപ്പെടുത്തുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. കൺട്രോൾറൂമിൽ നിന്നും തുറന്നുവിടാൻ ആയി കൊണ്ടുപോകുന്ന പാമ്പുകളുടെ വിവരങ്ങളും രജിസ്റ്ററും കൃത്യമായി സൂക്ഷിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. 2021ൽ 6667 പാമ്പുകളെയും 2022 ൽ 10262 പാമ്പുകളെയും 2023 ൽ 13085 പാമ്പുകളെയും 2024 ൽ 17072 പാമ്പുകളെയും 2025 ൽ 7577 പാമ്പുകളെയും പിടികൂടിയിട്ടുണ്ട്.