കോന്നി : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്കും പത്തനാപുരം പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ എസ് ആർ റ്റി സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ നിയമ സഭാ സബ്മിഷന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ മറുപടി നൽകുമ്പോഴും കഴിഞ്ഞ നാല് വർഷമായി നിർത്തലാക്കിയ കോന്നി – തണ്ണിത്തോട് – കരിമാൻതോട് സർവീസുകൾ പുനരാരംഭിക്കുന്നതിൽ ആർക്കും മറുപടിയില്ല. കെ എസ് ആർ റ്റി സി ക്ക് മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസുകൾ ആയിരുന്നു ഈ റൂട്ടിലേത്. എന്നാൽ 2020 ലെ കോവിഡ് കാലഘട്ടത്തിൽ സർവീസ് നിർത്തലാക്കി എങ്കിലും മറ്റെല്ലാ സർവീസുകളും പുനരാരംഭിച്ചിട്ടും ഇത് മാത്രം പൂർണ്ണമായി അവസാനിച്ചു.
തിരുവനന്തപുരം ,തൃശൂർ ദീർഘ ദൂര സർവീസുകൾ അടക്കം ദീർഘദൂര യാത്രക്കാർക്ക് വലിയ സഹായമാവുകയും കെ എസ് ആർ റ്റി സി ക്ക് മികച്ച വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കെ എസ് ആർ റ്റി സി പൂർണ്ണമായി സർവീസ് നിർത്തിയപ്പോൾ ഈ റൂട്ടുകൾ സ്വകാര്യ ബസുകൾ കയ്യടക്കി. സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ എസ് ആർ ടി സി ജില്ലാ ഡിപ്പോ ഉപരോധിക്കുകയും സർവീസ് പുനരാരംഭിക്കും എന്ന് കെ എസ് ആർ റ്റി സി നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയും ചെയ്‌തു എങ്കിലും കെ എസ് ആർ റ്റി സി വാക്ക് പാലിക്കാൻ തയ്യാറായില്ല. ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാൻ ആണ് കെ എസ് ആർ ടി സി ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത് എന്നാണ് പൊതുജനാഭിപ്രായം. കൂടാതെ കൊല്ലം റൂട്ടിൽ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ബസും നിർത്തലാക്കി. ഈ ബസുകളും കെ എസ് ആർ ടി സിക്ക് മികച്ച വരുമാനം നൽകിയിരുന്നു. തണ്ണിത്തോട് റൂട്ടിലെ കെ എസ് ആർ റ്റി സി സർവീസ് ഉടൻ പുനരാരംഭിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.