വര്‍ക്കല: വര്‍ക്കലയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മലമുകളില്‍നിന്നും കടലിലേക്ക് വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇടവ ഓടയം സ്വദേശി ഫാറൂഖി(46)ന്റെ മൃതദേഹമാണ് വര്‍ക്കല താഴെവെട്ടൂര്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂര്‍, വര്‍ക്കല പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. വ്യാഴാഴ്ച രാത്രി എട്ടോടെ ഇടവ മാന്തറയിലാണ് അപകടമുണ്ടായത്.
മാന്തറ ക്ഷേത്രത്തിന് പിറകുവശത്ത് വര്‍ക്കല ഫോര്‍മേഷന്റെ ഫെയ്‌സ് ഒന്നായ മാന്തറ മലമുകളില്‍നിന്നാണ് ഓട്ടോ കടലിലേക്ക് വീണത്. 60 അടിയിലധികം താഴ്ചയിലേക്കായിരുന്നു വീഴ്ച. മലയടിവാരത്തെ കടല്‍തീരത്തെ കരിങ്കല്‍ഭിത്തിലേക്ക് വീണ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം അറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല.