പത്തനംതിട്ട: ഇലന്തൂരിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകത്തിൽ മകനുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. മകനും സുഹൃത്തിന്റെ പിതാവും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷന്‍ കൊലപാതകത്തിലേയ്ക്ക് എത്തുകയായിരുന്നു. ഒരാളൊഴികെ എല്ലാവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ. ഇട്ടി (കൊച്ചുമോന്‍-52) കൊല്ലപ്പെട്ട കേസില്‍ മകന്‍ റെബിന്‍(20), പ്രകാശ് കുമാര്‍ (47), അമ്പു (38), ഷാജി ചാക്കോ(52), സുജിത്ത് (39), വര്‍ഗീസ് ചെറിയാന്‍ (രാജന്‍-55), അച്ചു വര്‍ഗീസ് (20) എന്നിവരാണ് അറസ്റ്റിലായത്. അമ്പുവാണ് കൊലപാതകം നടത്തിയത്.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് കൊച്ചുമോനുമായി പിണങ്ങി ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും നാലാം പ്രതി ഷാജി ചാക്കോയുടെ വീട്ടിലാണ് ഏഴു മാസമായി താമസിച്ചിരുന്നത്. റെബിന്റെ സുഹൃത്താണ് ഷാജി ചാക്കോയുടെ മകന്‍. ഷാജിയുടെ സുഹൃത്തുക്കളാണ് പ്രകാശ് കുമാര്‍, സുജിത്ത്, വര്‍ഗീസ് ചെറിയാന്‍ എന്നിവര്‍. ഇതില്‍ പ്രകാശ് കുമാറിന്റെ സുഹൃത്താണ് നിരവധി മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള മെഴുവേലി സ്വദേശി അമ്പു. ഏഴാം പ്രതിയായ അച്ചു വര്‍ഗീസിന് മാത്രമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലാത്തത്.
രണ്ടു വര്‍ഷം മുന്‍പ് കൊച്ചുമോന്‍ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കി വിട്ടതാണ്. ആദ്യം ഇവര്‍ തണ്ണിത്തോട്ടിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് ചെങ്ങന്നൂരിലുള്ള സഹോദരിയുടെ വീട്ടിലും താമസിച്ചിരുന്നു. കൊച്ചുമോന്റെ വീടിനുള്ളില്‍ തിരിച്ചു കയറാനുള്ള അവകാശം കോടതിയില്‍ നിന്ന് ഭാര്യയും മക്കളും സമ്പാദിച്ചിരുന്നു. ഇവരെ വീട്ടില്‍ കയറ്റാന്‍ കൊച്ചുമോന്‍ തയാറായിരുന്നില്ല.
കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് കൊച്ചുമോന്‍ മകനെ വിളിച്ച് സംസാരിച്ച ഭാഷയാണ് ക്വട്ടേഷന്‍ ആക്രമണത്തിലേക്ക് തിരിഞ്ഞത്. തന്റെ കൈവശം ആളുണ്ടെന്നും അവരുമായി വന്ന് നിന്റെ അമ്മയെ പരസ്യമായി ബലാല്‍സംഗം ചെയ്യുമെന്നുമായിരുന്നു കൊച്ചുമോന്‍ മകനോട് പറഞ്ഞത്. പിതാവിന്റെ വാക്കുകള്‍ റെബിന് താങ്ങാവുന്നതില്‍ അധികമായിരുന്നു. ഇവരുടെ കുടുംബ പ്രശ്‌നം നന്നായി അറിയാവുന്ന ഷാജിയോട് റെബിന്‍ വിവരം ധരിപ്പിച്ചു.
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്നും കൊച്ചുമോന് അടി കൊടുക്കണമെന്നും തന്റെ കൈവശം ആളുണ്ടെന്നും ഷാജി പറഞ്ഞു. കൊച്ചുമോടെ കൈയും കാലും തല്ലിയൊടിക്കാനായിരുന്നു തീരുമാനം. ഇതിനായി പ്രകാശിന്റെ സഹായം ഷാജി തേടി. വ്യാഴാഴ്ച വൈകിട്ട് മദ്യലഹരിയിലായിരുന്ന ഷാജി ചാക്കോ കൊച്ചുമോനെ അടിക്കാന്‍ പോകാമെന്ന് അറിയിച്ചു.
സുഹൃത്തുക്കളായ പ്രകാശ്, സുജിത്ത്, വര്‍ഗീസ് ചെറിയാന്‍ എന്നിവരെ വിളിച്ചു വരുത്തി. പ്രകാശ് സഹായത്തിന് അമ്പുവിനെയും വിളിച്ചു. അങ്ങനെ റെബിനെയും കൂട്ടി സംഘം കാറില്‍ കൊച്ചുമോന്റെ വീട്ടിലെത്തി. കൊച്ചുമോന്റെ കൈയും കാലും അടിച്ചൊടിക്കുക എന്നതായിരുന്നു ലക്ഷ്യം. ചെന്ന പാടേ പ്രതികള്‍ ഇരുമ്ബു വടിയുമായി കൊച്ചുമോനെ ആക്രമിച്ചു.
വാക്കത്തിയുമായി കൊച്ചുമോന്‍ പ്രതിരോധിച്ചു. ഇരുമ്പു വടി കൊണ്ട് പ്രതികള്‍ കൈ അടിച്ചൊടിക്കുകയും ചെയ്തു. ഇതിനിടെ മുറിക്കുള്ളിലിരിക്കുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ അമ്പുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. സ്ഥിരം മോഷ്ടാവായ അമ്പു അത് കൈക്കലാക്കാന്‍ ശ്രമിച്ചു. തടയാന്‍ നോക്കിയ കൊച്ചുമോനെ അടിച്ചു താഴെയിട്ട് വലിച്ചിഴച്ചു. അവിടെ ഇരുന്ന ഇരുമ്പു കൊണ്ടുള്ള പൈപ്പ് ഒടിച്ചെടുത്ത് അമ്പു അതു കൊണ്ട് കൊച്ചുമോന്റെ കഴുത്തില്‍ അടിക്കുകയായിരുന്നു. ഒടിഞ്ഞിരുന്ന പൈപ്പിന്റെ കൂര്‍ത്ത ഭാഗം കഴുത്തില്‍ തറഞ്ഞു കയറി രക്തം പ്രവഹിച്ചു. ഇതോടെ പ്രതികള്‍ സ്ഥലം വിട്ടു.
അമ്പുവിന് 6000 രൂപയും പ്രകാശിന് 5000 രൂപയും ലഭിച്ചുവെന്നാണ് പ്രതികളുടെ മൊഴി. രാത്രി തന്നെ റെബിന്‍ ഈ വിവരം കൊച്ചുമോന്റെ അയല്‍വാസിയും തന്റെ സുഹൃത്തുമായ അക്കു വര്‍ഗീസിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ കൊച്ചുമോന്‍ മരിച്ചോ എന്ന് പോയി നോക്കി വരാന്‍ അക്കുവിനെ റെബിന്‍ പറഞ്ഞു വിടുകയും ചെയ്തു. സംഭവ സ്ഥലത്ത് വന്ന പോലീസ് നായ ഓടിക്കയറിയത് അച്ചുവിന്റെ പണി നടക്കുന്ന വീട്ടിലേക്കും അവര്‍ താമസിക്കുന്ന വീട്ടിലേക്കുമായിരുന്നു. അച്ചുവിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
ജില്ലാ സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്പി എംകെ സുള്‍ഫിക്കര്‍, പത്തനംതിട്ട ഡിവൈ എസ്പി എ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിനീഷ് ലാല്‍, രാജേഷ്, മനോജ്, എസ്ഐ മാരായ സഞ്ജു ജോസഫ്, ബിജു കുമാര്‍, വിദ്യാധിരാജ, സന്തോഷ് കെ വര്‍ഗീസ്, ഷാജഹാന്‍, നൗഷാദ്ഖാന്‍,അനുരൂപ്, എഎസ്ഐ സവി രാജന്‍, വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ റാഫി, വിത്സണ്‍, അജികുമാര്‍ സുജിത്, മിഥുന്‍ ജോസ്, ബിനു, ശ്രീരാജ്, ജയകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.